നടിയെ ആക്രമിച്ച കേസിലെ വഴിത്തിരിവുകള്‍...

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി 17ന് രാത്രി യുവനടി ആക്രമിക്കപ്പെടുന്നു. 'ക്വട്ടേഷനാണെന്നും അതിനോടു സഹകരിക്കണമെന്നും ആക്രമിക്കുന്നതിനുമുമ്പ് പള്‍സര്‍ സുനി പറഞ്ഞതായി' നടി പറഞ്ഞതോടെ വന്‍ ഗൂഢാലോചന സംബന്ധിച്ച സൂചന പുറത്തുവന്നു. ഏഴുപേരെ പ്രതികളാക്കിയായിരുന്നു കുറ്റപത്രം. സുനിയുടെ കൂട്ടാളികളായ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. തട്ടിക്കൊണ്ടു പോകല്‍ വിവാദമായതിനെ തുടര്‍ന്നു തമിഴ്നാട്ടിലേക്കു കടന്ന സുനി കീഴടങ്ങാനെത്തിയപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായത് നാടകീയരംഗങ്ങള്‍.
നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആദ്യ ദിനം തന്നെ സംശയത്തിന്റെ മുനയിലായിരുന്നു. നടന്‍ ദിലീപിനെതിരേ പള്‍സര്‍ സുനി മൊഴി നല്‍കിയതോടെ അന്തരീക്ഷം മാറി. ആക്രമണം ദിലീപ് മുന്‍കൂട്ടി അറിഞ്ഞിരുന്നെന്നാണു സുനി അന്വേഷണ സംഘത്തെ അറിയിച്ചത്. ദിലീപിന് സുനി എഴുതിയതെന്നു പറയപ്പെടുന്ന കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയിലില്‍വച്ച് ചോദ്യം ചെയ്യുമ്പോഴായിരുന്നു ഈ മൊഴി.
നടിക്കെതിരേ ഗുരുതര ആരോപണവുമായാണു ദിലീപ് പ്രതികരിച്ചത്. നടിയും പ്രതി പള്‍സര്‍ സുനിയും വളരെ അടുപ്പം പുലര്‍ത്തിയിരുന്നവരാണെന്നു സ്വകാര്യ ചാനല്‍ പരിപാടിയില്‍ ദിലീപ് വെളിപ്പെടുത്തി. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോടു സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് വിശദമാക്കി.
അവര്‍ ഗോവയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഈ സൗഹൃദമാണ് അപകടത്തിനു വഴിവച്ചത്. ഈ വാദം തള്ളി കളഞ്ഞ് ലാലും രംഗത്തെത്തി. തന്നെ തേജോവധം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അന്ന് ദിലീപ് വ്യക്തമാക്കി. അഭിമുഖത്തിനു ശേഷം ഫെയ്സ്ബുക്കിലൂടെയും ദിലീപ് നിലപാട് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ സമ്മതമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ നാര്‍ക്കോ അനാലിസിസ് ടെസേ്റ്റാ, നുണ പരിശോധനയോ എന്തുമാവട്ടെ, തയാറാണെന്നും ദിലീപ് കുറിച്ചു. അതിനിടെയാണു പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മോഷണക്കേസ് പ്രതി ജിന്‍സില്‍നിന്നു കേസിലെ ഗൂഢാലോചന സംബന്ധിച്ച് വിവരം പോലീസിനു ലഭിച്ചത്.
അതോടെ വീണ്ടും അന്വേഷണമായി. സിനിമാ മേഖലയിലുള്ള പ്രമുഖര്‍ക്കു നടിയെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് അറിവുണ്ടെന്നു ജിന്‍സ് അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. പോലീസില്‍നിന്നു മറച്ചുവച്ച വിവരങ്ങള്‍ പള്‍സര്‍ സുനി ജിന്‍സിനോടു പറഞ്ഞിരുന്നു. സിനിമാരംഗത്തുള്ള ഒരാള്‍ ഏല്‍പ്പിച്ചതനുസരിച്ചാണു നടിയെ ആക്രമിച്ചതെന്നാണു സുനി വെളിപ്പെടുത്തിയതെന്നാണു വിവരം. ആക്രമണത്തിനിരയായ നടിയില്‍നിന്ന് എ.ഡി.ജി.പി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പോലീസ് വീണ്ടും മൊഴിയെടുത്തു. പിന്നാലെ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റത്തിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കാക്കനാട് ജില്ലാ ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനല്‍കുമാര്‍ എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിക്കു ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുത്തതു വിഷ്ണു ആണെന്നും കണ്ടെത്തി. പുതിയ ഷൂ വാങ്ങി അടിഭാഗത്തെ സോള്‍ മുറിച്ചുമാറ്റി ഉള്ളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച ശേഷം ജയിലിലെത്തി ജയില്‍ അധികൃതരുടെ പരിശോധനയ്ക്കു ശേഷം പള്‍സര്‍ സുനിക്ക് കൈമാറുകയായിരുന്നു.
ഈ ഫോണില്‍ നിന്നാണ് പള്‍സര്‍ സുനി ദിലീപിനെയും ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും വിളിച്ചത്. ചൈനീസ് ഫോണും ഇതിലുപയോഗിച്ച ടാറ്റാ ഡോകോമോ സിം കാര്‍ഡും പോലീസ് കണ്ടെടുത്തു. വിഷ്ണുവിന് പള്‍സര്‍ സുനി വാഗ്ദാനം ചെയ്തത് രണ്ടു ലക്ഷം രൂപ. ഇതുമായി ബന്ധപ്പെട്ട് ഒന്നര മാസത്തിനിടെ ആറു തവണ വിഷ്ണു ജയിലില്‍ സുനിയെ സന്ദര്‍ശിച്ചിരുന്നെന്നും വ്യക്തമായി.
കാക്കനാട് ജില്ലാ ജയിലില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം മാര്‍ച്ച് 27നും മേയ് 29നും ഇടയില്‍ ആറു തവണ സുനിയെ കാണാന്‍ വിഷ്ണു ജയിലിലെത്തി. ദിലീപിനു കത്തയയ്ക്കുന്നതിന് ഒരു ദിവസം മുമ്പും ഇയാള്‍ സുനിയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നതായി ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. ദിലീപിന് കത്തയച്ചതിനുശേഷവും സുനിയെ സന്ദര്‍ശിച്ചിട്ടുണ്ട്.
സുനിക്കു ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ദിലീപിന്റെ മാനേജരുള്‍പ്പെടെയുളളവരുമായി സുനി സംസാരിച്ചത് ഈ ഫോണില്‍നിന്നാണ്.
വിഷ്ണുവിനു പുറമേ വരാപ്പുഴ പീഡനക്കേസിലെ പ്രതി മനീഷ് തോമസും സുനിയെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മനീഷ് തോമസിന്റെ കൂട്ടാളി അനില്‍ മുരളിയും സുനിയെ ബന്ധപ്പെട്ടിട്ടുണ്ട്. പതിമൂന്നു ദിവസം പള്‍സര്‍ സുനിക്കു ജയിലില്‍ സന്ദര്‍ശകരുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























