ദിലീപ് കൊച്ചി വിടരുത്: ദിലീപിനെയും നാദിര്‍ഷയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് എസ്പി എ. വി. ജോര്‍ജ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് എസ്പി എ. വി. ജോര്‍ജ്.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്. കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും എസ്പി അറിയിച്ചു.
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ദിലീപിനെ ബന്ധപ്പെടുത്താനാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്. ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീട് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ നടന്നത് വിശദമായ ചോദ്യം ചെയ്യലാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പന്ത്രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ദിലീപും നാദിര്‍ഷായും ആലുവ പൊലീസ് ക്ലബില്‍ എത്തിയത്. 
ആദ്യം രണ്ടു പേരെയും ഒന്നിച്ചിരുത്തി പരാതിയുടെ വിശദാംശങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു. തുടര്‍ന്നു ആദ്യം ദിലീപിനെ മാത്രം ഒറ്റയ്ക്കിതിരുത്തി ചോദ്യം ചെയ്തു ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടെ പത്തു മിനിറ്റ് ദിലീപിനു വിശ്രമം നല്‍കി. മേശപ്പുറത്ത് വെള്ളവും ഗ്ലാസും വച്ച ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം കുടിക്കാന്‍ അനുവാദം നല്‍കിയിരുന്നു. പിന്നീട്, നാദിര്‍ഷായെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെയും നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചു വച്ച ശേഷമായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപും, നാദിര്‍ഷായും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതായി സൂചന. തങ്ങള്‍ക്കടുപ്പമുള്ള ഒരു സംവിധായകനാണ് ഇതിനെല്ലാം പിന്നിലെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. ഈ സംവിധായകനും അദ്ദേഹത്തിന്റെ കുടുംബത്തിനും പള്‍സര്‍ സുനിയെ നേരിട്ടറിയാമെന്നും ദിലീപും നാദിര്‍ഷായും പോലീസിനോടു പറഞ്ഞെന്നും പറയപ്പെടുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ ബുക്ക് ലെറ്റുമായാണ് അന്വേഷണ സംഘം ഇരുവരേയും ചോദ്യം ചെയ്തത്.
പള്‍സര്‍ സുനിയെ നേരിട്ടിയാമോ?, നടിയുമായുള്ള ബന്ധം ,പണമിടപാടെന്തെങ്കിലും നടന്നിട്ടുണ്ടോ തുടങ്ങി 20 ഓളം ചോദ്യങ്ങള്‍ പോലീസ് എഴുതി തയ്യാറാക്കിയിരുന്നു.ഇതിനെല്ലാം ദിലീപും ,നാദിര്‍ഷായും വ്യക്തമായി തന്നെ മറുപടി പറഞ്ഞതായും സൂചനയുണ്ട് .ചോദ്യം ചെയ്യലിന് ശേഷമാണ് കേസില്‍ ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. രണ്ട് പേരുടേയും മൊഴികളില്‍ വൈരുദ്ധ്യമെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന മുന്‍ നിലപാടില്‍ ദിലീപ് ഉറച്ച് നിന്നു. ദിലീപ് പുറത്തിറങ്ങിയത് എപ്പോള്‍ വിളിച്ചാലും എത്തിക്കൊള്ളാമെന്ന ഉറപ്പില്‍ കൊച്ചി വിട്ടുപോകരുത് എന്ന നിര്‍ദ്ദേശവും പോലീസ് നടന് നല്‍കിയതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























