ജി.എസ്.ടി: പനി ചികിത്സക്ക് ചെലവേറും; മരുന്നുകള്‍ക്കും ക്ഷാമം

സംസ്ഥാനത്ത് പനിയും പനിമരണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കെ ചരക്കു സേവന നികുതിയും (ജി.എസ്.ടി) രോഗകള്‍ക്ക് തിരിച്ചടിയാവുന്നു. ജി.എസ്.ടി ജൂലൈ മുതല്‍ രാജ്യത്തില്‍ പ്രാബല്യത്തില്‍ വരാനിരിക്കെ മരുന്നുകളുടെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ജി.എസ്.ടിയെ ഭയന്നു നിലവിലെ മരുന്നുകളുടെ സ്‌റ്റോക്ക് വില്‍ക്കാനാണ് വ്യാപാരികള്‍ ശ്രമിക്കുന്നത്. പുതിയ സ്‌റ്റോക്കുകള്‍ എടുക്കാത്തത് മരുന്നു ക്ഷാമത്തിനും ഇടയാക്കുന്നു.
നേരത്തേ കൂടിയ നികുതി നല്‍കിയാണ് വ്യാപാരികള്‍ മരുന്ന് വാങ്ങിയത്. ജൂലൈ ഒന്നിനു ജി.എസ്.ടി പ്രാബല്യത്തില്‍ വന്നാല്‍ മരുന്നുകള്‍ക്ക് നികുതി കുറവാണ്. അതുകൊണ്ടു തന്നെ തങ്ങള്‍ക്കു നഷ്ടം സംഭവിക്കാതിരിക്കാന്‍ നിലവിലെ സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് വ്യാപാരികള്‍. മൂന്നു ശതമാനം എക്‌സൈസ് ഡ്യൂട്ടിയും അഞ്ചു ശതമാനം വാറ്റുമടക്കം കുറഞ്ഞത് 18 ശതമാനം നികുതി നല്‍കിയാണ് വ്യാപാരികള്‍ നേരത്തേ മരുന്നുകള്‍ വാങ്ങിയിരുന്നത്. പക്ഷെ ജി.എസ്.ടി നിലവില്‍ വന്നാല്‍ ഈ നികുതി 12 ശതമാനമായി കുറയും. അതോടെ ആറു മുതല്‍ 13 ശതമാനം വരെ വ്യാപാരികള്‍ക്കു നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് പരമാവധി മരുന്നുകള്‍ വിറ്റഴിക്കുന്ന വ്യാപാരികള്‍ പുതിയ സ്‌റ്റോക്കെടുക്കാനും തയ്യാറാവാത്തത്.
നഷ്ടമാവുന്ന നികുതിപ്പണം അതതു കമ്പനികള്‍ തന്നെ നല്‍കുമെന്ന് ജി.എസ്.ടി കൗണ്‍സിലും ഫാര്‍മ കമ്പനി അസോസിയേഷനും തമ്മില്‍ നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പ്രതീക്ഷയില്ലെന്നാണ് ചെറുകിട മരുന്നുവ്യാപാരികള്‍ പറയുന്നത്. നഷ്ടപ്പെടുന്ന നികുതിത്തുക കമ്പനികള്‍ മൊത്ത വ്യാപാരികളെയാണ് തിരികെ ഏല്‍പ്പിക്കുകയെന്നും ഇതു തങ്ങള്‍ക്കു കിട്ടുമോയെന്ന ആശങ്കയുണ്ടെന്നും ചെറുകിട വ്യാപാരികള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























