മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് താരങ്ങള്‍ പ്രതികരിച്ച രീതി ശരിയായില്ല:കോടിയേരി

അമ്മ സംഘടനയുടെ യോഗത്തിനിടെ താരങ്ങള്‍ പൊട്ടിത്തെറിച്ചതിനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു താരങ്ങള്‍ പ്രതികരിച്ച രീതി ശരിയായില്ല. സിനിമയല്ല ജീവിതം. സംഘടനയെ സംഘടനയായേ ജനം കാണൂ. പൊതുവേദികളില്‍ സിനിമക്കാരും ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു. ഒരു ചാനല്‍ ഷോയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു കയര്‍ത്ത മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും നിലപാടിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഓടുന്ന വാഹനത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്. സംഘടനയിലെ അംഗങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്.
ഇവരുടെ പെരുമാറ്റത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പു പറഞ്ഞിരുന്നു. അമ്മ യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് സ്വീകരിച്ച നിലപാടിനോട് പാര്‍ട്ടിക്കും മുന്നണിക്കുമുള്ളില്‍ വിയോജിപ്പ് ഉയര്‍ന്നിരുന്നു. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha

























