ബാറുകള്‍ ഒരിക്കലും തുറക്കില്ല; ഷാനിമോള്‍ ഉള്ള പണിയും കളഞ്ഞു; കസ്‌തൂരിരംഗന്‍ മാണിയെ അക്കരെ കടത്തുമോ?

നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകളും തുറക്കാനിടയില്ല. സംസ്ഥാനത്തെ ഒരു പ്രബല സമുദായത്തില്‍ അംഗമായിട്ടുള്ളവരുടെ ബാറുകളാണ് അധികവും പൂട്ടിക്കിടക്കുന്നത്. ആലപ്പുഴയില്‍ വെള്ളാപ്പള്ളി തോല്‍പ്പിക്കുമെന്ന് വീമ്പിളക്കിയ കെ സി വേണുഗോപാല്‍ ജയിച്ചതോടെ വെള്ളാപ്പള്ളിയുടെ കാറ്റ് പോയി. കോണ്‍ഗ്രസിനെ തറപറ്റിക്കുമെന്ന നടേശ മുതലാളിയുടെ പ്രഖ്യാപനവും നടക്കാതെ പോയി. ഇതെല്ലാം സുധീരന്റെ ശബ്‌ദത്തിന് ബലമേകിയിരിക്കുകയാണ്.
ബാറുകള്‍ പൂട്ടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണകരമായി. സുധീരന്റെ പിടിവാശി കാരണമാണ് ബാറുകള്‍ പൂട്ടാന്‍ കഴിഞ്ഞത്. ജനപ്രിയ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച സാഹചര്യത്തില്‍ ജനപ്രിയമല്ലാത്ത തീരുമാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് മാറി നില്‍ക്കേണ്ടി വരും. പോരാത്തതിന് ബാര്‍ തുറക്കാന്‍ സുധീരനൊട്ടു സമ്മതിക്കുകയുമില്ല.
ഷാനിമോള്‍ ഉസ്‌മാന്റെ നാളുകള്‍ പാര്‍ട്ടിയില്‍ എണ്ണപ്പെട്ടുവെന്നതാണ് മറ്റൊരു പ്രത്യേകത. വേണുഗോപാലിനെതിരെ ഷാനിമോള്‍ നടത്തിയ പ്രസ്‌താവനയും അതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സുധീരന്‍ ഷാനിമോള്‍ക്കെതിരെ എയ്‌ത ഒളിയമ്പുമൊക്കെ ഷാനിമോളുടെ രാഷ്‌ട്രീയ കരിയറിനെ മങ്ങലേല്‍പ്പിക്കും. സുധീരനെ പിണക്കിയതു വഴി ഷാനിമോള്‍ കാണിച്ച രാഷ്‌ട്രീയ മണ്ടത്തരം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യും. കെ സി വേണുഗോപാലിന്റെ വിജയം ഷാനിമോള്‍ക്കുണ്ടാക്കിയ തട്ട് ചെറുതൊന്നുമല്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നയപരമായ തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുക്കാന്‍ ഇനി സ്വാതന്ത്ര്യമുണ്ടാകില്ല. സുധീരനുമായി ആലോചിക്കാതെ തീരുമാനങ്ങളെടുത്താല്‍ അവ നടപ്പിലാക്കാന്‍ സുധീരന്‍ സമ്മതിക്കുകയുമില്ല.
വെള്ളാപ്പള്ളിക്ക് ശനിദശയാണ്. അതേസമയം ഇടുക്കി ബിഷപ്പ് ദേശീയ ശ്രദ്ധയിലേക്കുയരുകയും ചെയ്‌തു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടെന്ന് ബി ജെ പി തീരുമാനിക്കുകയാണെങ്കില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്‌തവ വിഭാഗം ബി ജെ പിക്കൊപ്പം നില്‍ക്കും. എങ്കില്‍ കേരള കോണ്‍ഗ്രസ് എം നിലപാട് മാറ്റി എന്‍ ഡി എയില്‍ ചേരാനുമിടയുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനം ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാനും സാധ്യത തെളിയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha