സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയുടെ വിരോധത്തില്‍ കുമരകത്തും സുനിക്കു ക്വട്ടേഷന്‍
യുവനടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ കുമരകത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതായി പൊലീസിനു വിവരം ലഭിച്ചു. ദിലീപ് കയ്യേറി മറിച്ചുവിറ്റ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവു റവന്യു വകുപ്പു പൂഴ്ത്തിയതായി കണ്ടെത്തി.
ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന നാട്ടുകാരുടെ പരാതികളെ തുടര്‍ന്ന് സ്‌പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ എത്തിയപ്പോഴാണു ഗുണ്ടകളുടെ ഭീഷണിയുണ്ടായത്. അന്നത്തെ കോട്ടയം എസ്പി: എസ്.ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം ലോക്കല്‍ പൊലീസിന്റെ സംരക്ഷണത്തിലാണു റവന്യു അധികാരികള്‍ സ്ഥലം അളന്നു കയ്യേറ്റം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്.
കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190-ാം സര്‍വേ നമ്പരില്‍ പുറമ്പോക്കു ദിലീപ് കയ്യേറിയതിന്റെ രേഖകളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചു. 2007 ല്‍ സെന്റിന് 70,000 രൂപയ്ക്കാണു ദിലീപ് സ്ഥലം വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതു തടഞ്ഞു ഹൈക്കോടതിയില്‍നിന്ന് ഇടക്കാല ഉത്തരവു ലഭിച്ച ദിലീപ്, കയ്യേറിയ ഭൂമി അടക്കം രണ്ടര ഏക്കര്‍ സ്ഥലം സെന്റിനു 4.80 ലക്ഷം രൂപയ്ക്കു മറിച്ചുവിറ്റതായും പൊലീസ് കണ്ടെത്തി.
കയ്യേറ്റം ഒഴിപ്പിക്കുന്നതു തടയണമെന്ന ഹര്‍ജി ഈ വര്‍ഷം മേയ് മാസത്തില്‍ കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ സ്ഥലം വിറ്റതിനാല്‍ പരാതിക്കാരനായ പി.ഗോപാലകൃഷ്ണന്‍ (ദിലീപ്) റിട്ട് പെറ്റീഷനുമായി മുന്നോട്ടു പോവുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.
മറിച്ചുവിറ്റ സ്ഥലത്തില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന വിവരം ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചില്ലെങ്കിലും ഫയലുകള്‍ പരിശോധിച്ച കോടതി കയ്യേറ്റസ്ഥലം തിരിച്ചുപിടിക്കാന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍ റവന്യു വകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ല. സുനിയുടെ സംഘത്തിലെ കതിരൂര്‍ വിജീഷ് അടക്കമുള്ള ഗുണ്ടകളെ മാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ നാട്ടുകാരാണു സൂചന നല്‍കിയത്.
https://www.facebook.com/Malayalivartha