ഏറെ ദിവസമായുള്ള അനിശ്ചിതത്വത്തിന് അവസാനമായി; നാടു കാണാനിറങ്ങിയ കാട്ടാനകള്‍ കാടുകയറി

ഏറെ ദിവസമായുള്ള അനിശ്ചിതത്വത്തിന് അവസാനമായി. എട്ടുദിവസം മുന്‍പ് കല്ലടിക്കോട് വനമേഖലയില്‍ നിന്നു നാട്ടില്‍ ഇറങ്ങിയ മൂന്നു ആനകള്‍ മുണ്ടൂരിലെ ദേശീയ പാത മുറിച്ചുകടന്ന് വീണ്ടും കാടുകയറി. പുലര്‍ച്ചെ മുണ്ടാരിലെത്തിയ ആനക്കൂട്ടത്തെ വനത്തില്‍ കയറ്റാന്‍ പലപ്പോഴായി നടത്തിയ ശ്രമങ്ങള്‍ തടസപ്പെടുകയായിരുന്നു.
റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങിയ ഉടനെ ഉണ്ടായ ബഹളത്തെ തുടര്‍ന്ന് ആനകള്‍ തിരിച്ചു നടന്നു. ആനയ്ക്കു ശാന്തമായ വഴിയൊരുക്കാന്‍ നാലുമണി മുതല്‍ ഹൈവേയിലെ ഗതാഗതം തിരിച്ചുവിട്ടാണ് ആനകളെ തിരികെ കാടു കയറ്റിയത്. കലക്ടര്‍, എസ്പി, സിസിഎഫുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. നാലു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിരുന്നു.

കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താതെ, വന്ന വഴി തിരിച്ചു പോകുന്ന ആനകളുടെ വഴിമുടക്കരുതെന്നു വനം വകുപ്പ് നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ആനത്താരയില്ലെങ്കിലും കാട്ടാനകള്‍ വന്ന വഴി മാത്രമേ തിരിച്ചു പോകൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തടിച്ചു കൂടുന്ന ജനം ആനകളെ വഴി തെറ്റിക്കുന്നതായും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കിടയില്‍ ഇതുവരെ ആനകള്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പുഴയില്‍ നീന്തിത്തുടിച്ചും പുഴയോരം ചേര്‍ന്നുമാണ് കൂടുതല്‍ സമയവും ആനകള്‍ നാട്ടില്‍ വിലസിയിരുന്നത്.
https://www.facebook.com/Malayalivartha

























