തന്നെ ഹോസ്റ്റലില്‍ നിര്‍ത്താനുള്ള ശ്രീനിവാസന്റെ ശ്രമം വിനീത് പൊളിച്ചടുക്കിയതെങ്ങനെ

വിനീത് ശ്രീനിവാസന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനം കിട്ടിയത്. പ്രിയദര്‍ശന് ഇതറിയാമായിരുന്നു. അങ്ങനെയാണ് കിളിച്ചുണ്ടന്‍മാമ്പഴത്തിലെ മാപ്പിളപ്പാട്ട് വിനീതിനെ കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ശ്രീനിവാസന് പേടിയായിരുന്നു. കാരണം പാട്ടും സിനിമയും എന്നൊക്കെ പറഞ്ഞ് പഠനം ഉഴപ്പിയാലോ എന്ന് ആശങ്ക. എങ്കിലും പാട്ട് പാടിച്ചു, അത് ഹിറ്റുമായി. പത്താംക്ലാസ് കഴിഞ്ഞതോടെ പ്ലസ്ടു പഠനം ചെന്നൈയിലാക്കാന്‍ തീരുമാനിച്ചു. വിനീതിന് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. പക്ഷെ, ശ്രീനിവാസന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി.
ചെന്നൈയില്‍ വിനീതിനെ ഹോസ്റ്റലിലാക്കി. ഭക്ഷണവും മുറിയും കൊള്ളില്ലെന്ന് പറഞ്ഞ് വിനീത് നൂറ് നൂറ് പരാതികള്‍ പറഞ്ഞുതുടങ്ങി. എന്നാല്‍ വിനീതിനെ എങ്ങനെയും ഹോസ്റ്റലില്‍ തന്നെ നിര്‍ത്തണമെന്ന പ്ലാനുമായി ശ്രീനിവാസന്‍ മകനെ കാണാന്‍ ചെന്നു. കൂട്ടിക്കൊണ്ട് പോകാന്‍ വിനീത് പലതും പറയുമെന്ന് ശ്രീനിവാസന് അറിയാമായിരുന്നു. അതുകൊണ്ട് മകനെ വീഴ്ത്താന്‍ ചില ഡയലോഗുകള്‍ കാണാതെ പഠിച്ചാണ് പോയത്. അച്ഛനെ കണ്ടതും മകന്‍ പരാതിയുടെ ഭാണ്ഡക്കെട്ട് അഴിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, മകനെ ജീവിതം വലിയൊരു യുദ്ധമാണ്. അതില്‍ നിനക്ക് ജയിക്കാനാകണം. നീ യുദ്ധം ചെയ്യും മുമ്പ് പരാജയം സമ്മതിച്ച് പിന്‍വാങ്ങരുത്.
അത് കേട്ട വിനീത് ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു; ങ്ാ.. യുദ്ധം കണ്ടുനില്‍ക്കുന്നവര്‍ക്ക് അങ്ങനെയൊക്കെ പറയാം. അത് കേട്ടതും പറയാനുള്ള ബാക്കി സംഭാഷണങ്ങളെല്ലാം ശ്രീനിവാസന്‍ മറന്ന് പോയി. പിന്നീട് മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ ഈ ഡയലോഗും സിറ്റുവേഷനും എഴുതി ചേര്‍ത്തു. മക്കളായാലും ആരായാലും അവരുടെ അഭിരുചിക്ക് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്ന് അന്ന് തനിക്ക് ബോധ്യമായെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























