ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍

കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍. ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവും പുളിമാത്ത് പഞ്ചായത്ത് മുന്‍ അംഗവും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാമനപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായിരുന്ന വാമനപുരം പുളിമാത്ത് ആറാന്താനം ചിറ്റോത്ത് വീട്ടില്‍ ശിവപ്രസാദ് (49), ഇയാളുടെ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരി കാരേറ്റ് കരുവള്ളിയോട് അഞ്ജു ഭവനില്‍ രേഷ്മ വിജയന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ജുഡിഷയല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. ഒന്നാം പ്രതിയായ കംപ്യൂട്ടര്‍ സെന്ററിലെ മറ്റൊരു ജീവനക്കാരന്‍ പേടികുളം അഭയം വീട്ടില്‍ അഭിജിത് (22) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സംഘത്തിന് സ്കൂളുകളുടെ വ്യാജ സീല്‍ നിര്‍മിച്ചുനല്‍കിയ കിളിമാനൂരിലെ യുവാവ് കാസര്‍കോട്ടേക്ക് കടന്നതായി പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് കോഴയ്ക്കുശേഷം ബിജെപി നേതാക്കളുടെ വന്‍ തട്ടിപ്പാണ് വെളിപ്പെട്ടത്. ബിജെപി സംസ്ഥാന നേതാക്കളുടെ അടുപ്പക്കാരനാണ് ശിവപ്രസാദ്. ഇയാളുടെ ഉടമസ്ഥതയില്‍ കാരേറ്റിലുള്ള വിസ്മയ കംപ്യൂട്ടര്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ക്ളര്‍ക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ വ്യാജ നിയമന ഉത്തരവ് ചമച്ച് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
ജോലിക്ക് ചേരാന്‍ ചെന്നപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. കല്ലറ ശ്രീശൈലത്തില്‍ അരുണി (23)ന്റെ പരാതിയിലാണ് കേസ്. അഭിജിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ശിവപ്രസാദിന്റെ പങ്ക് പുറത്തായത്. വ്യാജ നിയമന ഉത്തരവുകള്‍ നിര്‍മിച്ചത് ഇയാളുടെ കംപ്യൂട്ടര്‍ സെന്ററിലാണെന്ന് വ്യക്തമായി. ഇവിടെ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ നിന്ന് വ്യാജ രേഖയുടെ തെളിവുകളും പൊലീസ് ശേഖരിച്ചു. ഒപ്പം പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങളുടെ വിശദവിവരങ്ങളും. കേസില്‍ മറ്റു പ്രമുഖ ബിജെപി നേതാക്കളുടെ പങ്കും അന്വേഷിച്ചുവരുന്നു.
https://www.facebook.com/Malayalivartha























