മെട്രോയുടെ കുതിപ്പ് ഇന്നു മുതല്‍ നഗരഹൃദയത്തിലേക്കും

കൊച്ചി മെട്രോയുടെ കുതിപ്പ് ഇന്നു മുതല്‍ നഗരഹൃദയത്തിലേക്കും. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയില്‍ മെട്രോ സര്‍വിസിന് ചൊവ്വാഴ്ച തുടക്കമാകും. കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ രണ്ടാമത്തെ പാതയുടെ ഉദ്ഘാടനത്തിന് ഒരുക്കം പൂര്‍ത്തിയായി.
രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന, ഭവന സഹമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്ന് സര്‍വിസ് ഫ്‌ലാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് കലൂരില്‍നിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്ക് മെട്രോ ട്രെയിനില്‍ യാത്ര നടത്തും. 11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കുള്ള സര്‍വിസിനും തുടക്കമാകും. അണ്ടര്‍ 17 ഫിഫ ലോകകപ്പ് തുടങ്ങും മുമ്പുതന്നെ മെട്രോയെ നഗരത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇതുവരെ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു സര്‍വിസ്.
മഹാരാജാസ് ഗ്രൗണ്ട് വരെ നീളുന്നതോടെ മെട്രോ ഓടുന്ന ദൂരം 13 കിലോമീറ്ററില്‍നിന്ന് 18 ആയി ഉയരും. സ്‌റ്റേഷനുകളുടെ എണ്ണം 11ല്‍നിന്ന് 16 ആകും.
https://www.facebook.com/Malayalivartha























