സമരം ചെയ്ത് നേടിയെടുത്ത ശമ്പള വര്‍ദ്ധന സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നു, കണ്ണീരോടെ വീണ്ടും ദുരിതങ്ങള്‍

കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. വേതനം നിശ്ചയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികളെടുക്കുന്നതാണ് ജസ്റ്റിസുമാരായ എ.കെ. അഗര്‍വാള്‍, എ.എം. സപ്രെ എന്നിവരുടെ ബെഞ്ച് വെള്ളിയാഴ്ച തടഞ്ഞത്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ ഹര്‍ജിയിലാണ് നടപടി. തുടര്‍ന്ന് കേസ് വിശദമായ വാദത്തിനായി അടുത്തമാസം രണ്ടിലേക്ക് മാറ്റി.
മിനിമം വേതനം നിശ്ചയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റി നിയമവിരുദ്ധമാണെന്നാണ് സ്വകാര്യ ആശുപത്രി അസോസിയേഷന്റെ വാദം. ഈമാസം 19നാണ് വിവിധ തരം ആശുപത്രികളിലെ ജീവനക്കാരുടെ വേതനനിരക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.
മിനിമം വേതന നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം കമ്മിറ്റിയില്‍ പകുതി അംഗങ്ങള്‍ തൊഴിലുടമകളുടെ പ്രതിനിധികളായിരിക്കണം. 27 അംഗ കമ്മിറ്റിയില്‍ ആ വിഭാഗത്തില്‍ നിന്ന് 13 പേര്‍ വേണ്ടിടത്ത് ആറു പേരെ മാത്രമാണ് നിയമിച്ചത്. അവരും ആസ്പത്രിയിലെ മാനേജര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങി തൊഴിലുടമയില്‍ നിന്ന് ശമ്പളം പറ്റുന്നവരായിരുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു. അതിനാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അസാധുവാക്കണമെന്നും അതില്‍ തുടര്‍നടപടികള്‍ പാടില്ലെന്നും അസോസിയേഷനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫാ അഹമ്മദി, അഡ്വ. സുള്‍ഫിക്കല്‍ അലി എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി ഹാജരായി.
അമ്പത് കിടക്കയില്‍ താഴെയുള്ള ആസ്പത്രികളില്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാനശമ്പളം 20,000 രൂപയാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. അമ്പതിനും നൂറിനുമിടയില്‍ കിടക്കകളുള്ള ആസ്പത്രികളില്‍ 22,560 രൂപ, നൂറിനും 200നുമിടയില്‍ 28,000 രൂപ, 200ന് മുകളിലുള്ളവയില്‍ 34,960 രൂപ എന്നിങ്ങനെയാണ് കമ്മിറ്റിയുടെ ശുപാര്‍ശ. അസോസിയേഷന്റെ ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കമ്മിറ്റിയിലേക്ക് അംഗങ്ങളെ നിശ്ചയിക്കാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha
























