വിദേശിയെ പീഡിപ്പിച്ച് നാടുവിട്ട് കേരളത്തിലെത്തി പൊതുമേഖലാ ബാങ്കില്‍ ജോലിചെയ്യുന്ന മുന്‍ ഡി.ജി.പി.യുടെ മകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ അല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തിയെ കണ്ണൂരില്‍ നിന്നും പിടികൂടി. മുന്‍ ഒഡീഷ ഡി.ജി.പി ബി.ബി മൊഹന്തിയുടെ മകനായ ബിട്ടി ആന്ധ്ര സ്വദേശിയായ രാഘവ് രാജാണെന്ന പേരില്‍ കണ്ണൂരിലെ ഒരു പൊതുമേഖലാ ബാങ്കില്‍ ജോലി ചെയ്‌തു വരികയായിരുന്നു.
2006ല്‍ രാജസ്ഥാനിലെ അല്‍വാറില്‍ ഹോട്ടലില്‍വെച്ച് 21കാരിയായ ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ചു എന്നതാണ് ബിറ്റിക്കെതിരായ കേസ്. അതിവേഗകോടതി ഏഴുവര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ച ഇയാള്‍ ആറുമാസത്തെ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 2006 ഡിസംബറില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കണ്ണൂരിലെ പഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കില്‍ പ്രൊബേഷനറി ഓഫീസറായി ജോലിചെയ്‌തുവരികയായിരുന്ന ഇയാള്‍ ബിട്ടി മൊഹന്തിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഊമ കത്ത് ബാങ്കധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബിട്ടിയാണെന്ന് ബാങ്കധികൃതര്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇതെല്ലാം മനസിലാക്കിയ ബിട്ടി അവിടെ നിന്ന് മുങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു.
കുറെകാലം ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ കഴിഞ്ഞ ഇയാള്‍ അവിടെ നിന്ന് വ്യാജരേഖയുണ്ടാക്കി കണ്ണൂരിലെ ചിന്മയ കോളേജില്‍ ചേര്‍ന്ന് എം.ബി.എ കരസ്ഥമാക്കി. ബിറ്റിയെ സഹായിച്ചതിന് അച്ഛന്‍ ബി.ബി.മൊഹന്തിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha