കണക്കിലെ ശരിയേത്? കേന്ദ്രവും കേരളവും തർക്കത്തിൽ!!

ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കണക്കുകൾ സംബന്ധിച്ച് കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ തര്‍ക്കത്തില്‍. കേരളത്തില്‍നിന്ന് 261 പേരെ കാണാതായെന്നു കേന്ദ്രസര്‍ക്കാരും 143 പേരെയേ കാണാതായുള്ളൂവെന്നു സംസ്‌ഥാനസര്‍ക്കാരും കണക്കു നിരത്തുന്നു. ഇന്നലെ പാര്‍ലമെന്റിലാണു കേന്ദ്രസര്‍ക്കാര്‍ കാണാതായവരുടെ എണ്ണം സ്‌ഥിരീകരിച്ചത്. കേരളത്തില്‍നിന്നുള്ള 362 പേരെ നാവികസേനയും മറ്റ് ഏജന്‍സികളും ചേര്‍ന്നു
രക്ഷിച്ചെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചു. കഴിഞ്ഞ 20 വരെയുള്ള കണക്കാണിത്. 661 മത്സ്യത്തൊഴിലാളികളെ കാണാതായതില്‍ ശേഷിക്കുന്ന 400 പേരും തമിഴ്‌നാട്ടുകാരാണ്. നാവിക-വ്യോമസേനകളും തീരരക്ഷാസേനയും ചേര്‍ന്ന് 821 പേരെ കരയ്‌ക്കെത്തിച്ചു. വാണിജ്യക്കപ്പലുകളിലും മറ്റും 24 പേരെ രക്ഷപ്പെടുത്തി. ഇങ്ങനെ 845 പേരെ രക്ഷിച്ചതില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപ് എന്നിവിടങ്ങളില്‍നിന്നുമുള്ളവരാണ്-പ്രതിരോധമന്ത്രി വ്യക്‌തമാക്കി.
പ്രതിരോധമന്ത്രിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ 143 പേരെയേ കാണാതായിട്ടുള്ളൂവെന്നു വ്യക്‌തമാക്കിയത്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ല. തമിഴ്‌നാട്ടില്‍നിന്നു മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ടെങ്കില്‍ ആ കണക്കെടുക്കേണ്ടതു തമിഴ്‌നാടാണെന്നും അതു കേരളത്തിന്റെ പേരില്‍ ചേര്‍ക്കേണ്ടതില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഓഖി ദുരന്തബാധിത സംസ്‌ഥാനങ്ങളില്‍നിന്നു കാണാതായവരുടെ കണക്ക് കഴിഞ്ഞ 15-നും ദൗത്യസംഘം രക്ഷപ്പെടുത്തിയവരുടെ കണക്ക് കഴിഞ്ഞ 20-നുമാണ് കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചത്. ദുരന്തമുന്നറിയിപ്പ് നല്‍കിയതുമായി ബന്ധപ്പെട്ടും കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകളുടെ വ്യത്യസ്‌ത അവകാശവാദങ്ങള്‍ വിവാദമായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ശേഖരിച്ച വിവരമായതിനാലാകാം കണക്കില്‍ വ്യത്യാസമുണ്ടായതെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദുരന്തമുണ്ടായി 28 ദിവസം പിന്നിട്ടപ്പോള്‍ മരണം 76 ആയിട്ടുണ്ട്.
എന്നാല്‍, സംസ്‌ഥാനസര്‍ക്കാരിന്റ കണക്കുപ്രകാരം മരണം 74 ആണ്. കഴിഞ്ഞദിവസവും ഇന്നലെയും ഓരോ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇതു സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരുവനതപുരത്ത് നിന്നു കടലില്‍ പോയ 95 പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുകളില്‍ പോയ 31 പേരും ഉള്‍പ്പെടെയാണു 143 പേരെ കാണാതായതെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 92 പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കാണാതായെന്നായിരുന്നു ലത്തീന്‍ സഭാനേതൃത്വത്തിന്റെ കണക്ക്. കാണാതായ 17 പേരുടെ കാര്യത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല. 37 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.
കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 133 കോടി രൂപ അപര്യാപ്‌തമാണെന്നും തുക വര്‍ധിപ്പിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമ്പോള്‍ മന്ത്രി ഡല്‍ഹിയിലാണെന്ന വിവാദത്തില്‍ കഴമ്പില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ സംസ്‌ഥാനത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ നേരിട്ടു ബോധ്യപ്പെടുത്തിയതാണ്. ഉദ്യോഗസ്‌ഥസംഘത്തിന്റെ സന്ദര്‍ശനമായതിനാല്‍ സംസ്‌ഥാനത്തെ ഉദ്യോഗസ്‌ഥര്‍ റിപ്പോര്‍ട്ട് കൈമാറിയാല്‍ മതി. വള്ളങ്ങള്‍ നഷ്‌ടമായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനികസംവിധാനങ്ങളുള്ള ബോട്ടുകള്‍ നല്‍കാനാണു നീക്കം. ഇവര്‍ക്കു ബോട്ടില്‍ ഉപയോഗിക്കേണ്ട ഇന്ധനത്തിനു സബ്‌സിഡി നല്‍കണമെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്‌ചയില്‍ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























