മയക്കുമരുന്ന് ലഹരിയിൽ അമ്മ വില്ലത്തിയായി; സിനിമയിലെ ക്രൂര രംഗങ്ങൾ മനഃപാഠമാക്കി ജീവനെടുത്തു! അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീര്‍ക്കാന്‍ കഥകൾ മെനഞ്ഞിട്ടും... കുറ്റബോധവും കൂസലുമില്ലാതെ അവൻ സമ്മതിച്ചു!!

എൻജിനിയറിംഗിന് തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോകാൻ 18,000രൂപ നൽകാത്തതിന്റെ പ്രകോപനത്തിൽ അമ്മയെ തറയിൽ തള്ളിയിട്ട്, കഴുത്തിൽ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തി പറമ്പിൽ കൊണ്ടുപോയി കത്തിച്ചെന്ന് മകന്റെ കുറ്റസമ്മതം. പേരൂർക്കട അമ്പലംമുക്ക് മണ്ണടി ലെയിൻ ദ്വാരക വീട്ടിൽ ദീപ(50)യുടെ ശരീരം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലായ മകൻ അക്ഷയ്(22) ന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി .
ക്രിസ്മസ് ദിനത്തിൽ സിനിമയ്ക്ക് പോയിട്ട് വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ സ്കൈപ്പിലൂടെ ഇക്കാര്യം അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോൾ വീടിന് ഇടതുവശത്ത് കത്തിയ പാടുകൾ കണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചതെന്നും പറഞ്ഞിരുന്നു. ഈ മൊഴിയിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിന്ദ്യമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൂന്ന് മാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. ചെലവിനുള്ള പണം കുവൈറ്റിലുള്ള പിതാവ് അശോക് അയച്ചുകൊടുക്കും. പുറമേ നിന്നാണ് ഭക്ഷണം. സഹോദരി അനഘയും കുവൈറ്റിലാണ്. പിതാവുമായും സഹോദരിയുമായും അമ്മ സംസാരിക്കാറില്ലായിരുന്നു. കഴക്കൂട്ടത്തെ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങൾക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്സായ എം.ഇ.പിക്ക് ചേർന്നു. തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോവാൻ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പ്രകോപിതനായി 25ന് പകൽ മൂന്നിന് കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടൻ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
അല്പനേരം കാത്തിരുന്ന ശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയിൽ മൃതദേഹം തള്ളി. ചവറുകൾ കത്തിക്കാൻ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാൻ തുടങ്ങി. കൊലപ്പെടുത്താൻ ഉപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് പകൽ നാലോടെ കത്തിക്കാൻ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ.
കാലുകളുടെ മുട്ടിനുതാഴെ പാദം വരെ ഏതാണ്ട് പൂർണമായി കത്തിപ്പോയി. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നൽകിയ മൊഴി. എൽ.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കൾക്കും അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനൽകി. മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാന്‍ മകള്‍ അനഘയുടെ രക്തസാമ്പിളുകൾ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു.
https://www.facebook.com/Malayalivartha


























