കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുന്നു; സി.പി.എമ്മും ആര്‍.എസ്.എസും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല, പൊലീസ് ജാഗ്രത പാലിക്കുന്നു

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങള്‍ തുടര്‍ക്കഥയാകുന്നു. പാനൂര്‍ കൂറ്റേരിയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകനും മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനുമായ കാട്ടീന്റെവിട ചന്ദ്രനെ (52) ആര്‍.എസ്.എസുകാര്‍ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു.
പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് വെട്ടിയത്. ഇരുകാലുകളും അറ്റുതൂങ്ങിയ നിലയില്‍ പൊലീസ് ആണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞയാഴ്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. അതിന് പിന്നാലെ ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഇരുപാര്‍ട്ടികളും ഒത്ത് തീര്‍പ്പുണ്ടാക്കിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
അയ്യല്ലൂരില്‍ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരെ ആര്‍.എസ്.എസുകാര്‍ കഴിഞ്ഞയാഴ്ച വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകനായ വാളാങ്കിച്ചാലിലെ മോഹനനെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നതിന് സമാനമായ ആക്രമണമാണ് ഡോ. സുധീറിനും ശ്രീജിത്തിനും നേരെയുണ്ടായത്. ഓടി രക്ഷപെടാതിരിക്കാന്‍ കാലുകള്‍ വെട്ടിപിളര്‍ത്തിയിരുന്നു. സംഭവത്തില്‍ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അക്രമണങ്ങള്‍ തുടരെ തുടരെയുണ്ടാകുന്നതില്‍ സര്‍ക്കാരിനും ആശങ്കയുണ്ട്. എന്നാല്‍ പ്രവര്‍ത്തകരും അണികളും പറയുന്ന കാര്യങ്ങളും ഉള്‍ക്കൊള്ളാന്‍ ഇരുപാര്‍ട്ടികളിലെയും നേതൃത്വം ചില വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകുന്നുണ്ടെന്ന് രാഷട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നു.
ഒരാഴ്ചയായി തുടരുന്ന അക്രമണങ്ങളില്‍ ഇരുവിഭാഗവും പരസ്യമായ വെല്ലുവിളികളാണ് നടത്തുന്നത്. മരണം ഇതുവരെ സംഭവിക്കാത്തത് ഒരുപരിധിവരെ ജനങ്ങള്‍ക്കും പൊലീസിനും ആശ്വാസമാണ്. സി.പി.എമ്മിന്റെ അക്രമത്തിനെതിരെ ബി.ജെ.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍വകക്ഷിയോഗങ്ങളിലും ഉഭയകക്ഷിചര്‍ച്ചകളിലും പറയുന്ന കാര്യങ്ങള്‍ സി.പി.എമ്മും ബി.ജെ.പിയും ആര്‍.എസ്.എസും പാലിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
https://www.facebook.com/Malayalivartha


























