സ്വകാര്യാശുപത്രികളിൽ വ്യാജ ചികിത്സ പെരുകുമ്പോൾ സി സി റ്റി വി വേണമെന്ന നിർദ്ദേശം പരിഗണിക്കാത്തതെന്തേ?

സ്വകാര്യാശുപത്രികളിലെ ഐ.സി.യുവിലും സി സി യു വിലും സി സി റ്റി വി ക്യാമറ സ്ഥാപിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഇനിയെങ്കിലും നടപ്പിലാക്കണ്ടേ? ചെയ്യാത്ത ശസ്ത്രക്രിയയുടെയും ചികിത്സയുടെയും പേരിൽ ലക്ഷങ്ങൾ അടിച്ചു മാറ്റുന്ന സ്വകാര്യാശുപത്രികളുടെ എണ്ണം സംസ്ഥാനത്ത് പെരുകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിന് പ്രസക്തിയേറുന്നത്. വാട്ട്സ്ആപ്പ് ഉപഭോക്താക്കളിൽ ഭൂരിപക്ഷം പേർക്കും ലഭിച്ച ഒരു രോഗിയുടെ സന്ദേശം വൈറലായതോടെ പോലീസ് സ്വകാര്യാശുപത്രികൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. സ്വകാര്യാശുപത്രികളിൽ പലതും വ്യാജ ചികിത്സയാണ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി.
തിരുവനന്തപുരത്തെ കിള്ളിപാലത്തുള്ള പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന യുവാവാണ് പരാതിക്കാരൻ. വാട്ട്സ്ആപ്പ് സന്ദേശം നൽകി ജനങ്ങളെ ബോധവത്കരിക്കാനാണ് യുവാവ് ശ്രമിച്ചത്. സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചപ്പോൾ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കിഡ്നി സ്റ്റോണിന് ചികിത്സ നടത്താനാണ് യുവാവ് ആശുപത്രിയിലെത്തിയത്. യൂറോളജിസ്റ്റ് ഡോ.ഗോപകുമാറിനെ കാണിച്ചപ്പോൾ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞു. ഇതനുസരിച്ച് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും വേദന ശമിച്ചില്ല. തുടർന്ന് ഗൾഫിലെ ആശുപതിയിൽ കാണിച്ചു. അപ്പോൾ ശസ്ത്രക്രിയ നടന്നിട്ടില്ലെന് വ്യക്തമായി. തെളിവ് സഹിതമാണ് പരാതിക്കാരൻ വാട്ട്സ്ആപ്പിൽ വരുന്നത്. സന്ദേശം കിട്ടിയവർ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറലായത്.
സ്വകാര്യാശുപത്രികളുടെ ചികിത്സ സംബന്ധിച്ച് സർക്കാരിന് ഒരു നിയന്ത്രണവുമില്ല. സർക്കാർ നിയന്ത്രിക്കുമെന്ന് നിരന്തരം വീമ്പിളക്കാറുണ്ടെങ്കിലും ഒന്നും സംഭവിക്കില്ല. അങ്ങനെയിരിക്കെയാണ് സ്വകാര്യാശുപത്രികളുടെ ഐ.സി.യുവിൽ ക്യാമറ സ്ഥാപിക്കണമെന്നും അത് കാണാൻ പുറത്തിരിക്കുന്നവർക്ക് അവസരം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടത്. അത് സർക്കാരിന്റെ പരിശോധനയിലാണ്.
മരിച്ചവരെ മരിച്ചില്ലെന്ന് പറഞ്ഞ് ഐ.സി.യുവിൽ ചികിത്സിക്കുന്ന പല സ്വകാര്യാശുപത്രികളും കേരളത്തിലുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ വിട്ടുകൊടുക്കാതെ ബില്ലടക്കാൻ പറയുന്ന ആശുപത്രികളുമുണ്ട്. ബില്ലിന്റെ പേരിൽ മൃതദേഹങ്ങൾ പിടിച്ചു വയ്ക്കാൻ ആശുപത്രിക്ക് അധികാരമില്ല. മരണത്തിന്റെ പേരിൽ വിറങ്ങലിച്ച് നിൽക്കുന്നവരെ പീഡിപ്പിക്കുന്ന നടപടി ആശാസ്യമല്ല.
ഇപ്പോഴും സർക്കാർ ആശുപത്രികളെ സമീപിക്കാൻ പലർക്കും മടിയാണ്. കാരണം സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ സർക്കാർ ആശുപത്രികളിലാണ് യഥാർത്ഥത്തിൽ ചികിത്സ ലഭിക്കുന്നത്. അക്കാര്യം പലരും അറിയുന്നില്ലെന്ന് മാത്രം. സ്വകാര്യാശുപത്രികളിൽ ലക്ഷങ്ങൾ ഫീസ് നൽകിയ ശേഷം ചികിത്സാ പിഴവ് കാരണം മരിക്കുന്നവരുടെ എണ്ണം ധാരാളമുണ്ട്. ഇതിന് ഏക മാർഗ്ഗം സ്വകാര്യാശുപത്രികളിലെ ചികിത്സ ജനം അറിയുക എന്നത് മാത്രമാണ്.
https://www.facebook.com/Malayalivartha


























