യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍

യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് വീട്ടില്‍ സിയാദ് (48) എന്നിവരാണ് പിടിയിലായത്. ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്.
റെയ്ഡില്‍ മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തു. അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ്. യുവതിയെ മാഞ്ഞാലിയില്‍ താമസിപ്പിക്കാന്‍ സഹായം നല്‍കിയത് സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോള്‍ വിദേശത്താണ്. ഹിന്ദുമതത്തില്‍നിന്ന് നിര്‍ബന്ധിച്ച് മതം മാറ്റിയശേഷം വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി. ശേഷം സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഐ.എസ് സംഘത്തിലേക്ക് കടത്താനുള്ള ശ്രമമുണ്ടായതായും പരാതിയില്‍ ആരോപണമുണ്ട്.
സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായി അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സൗദിയിലുള്ള സുഹൃത്ത് മുഖേനയാണ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതെന്ന് ഹരജിയില്‍ പറയുന്നു. ഹൈകോടതി നിര്‍ദേശപ്രകാരം യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.
കണ്ണൂര്‍ സ്വദേശികളായ നാലുപേരും ബംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും സംഭവത്തിന് പിന്നിലുള്ളതായും യുവതി ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2014ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനെ യുവതി പരിചയപ്പെടുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് രഹസ്യമായി ചിത്രീകരിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തിയാണ് മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. പിന്നീട് മാതാപിതാക്കള്‍ യുവതിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. മുഹമ്മദ് റിയാസ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈകോടതിയിലെത്തിയ യുവതി മുഹമ്മദ് റിയാസിനോടൊപ്പം പോകണമെന്ന് അറിയിച്ചു.
തുടര്‍ന്ന് ഇവര്‍ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട് മാഞ്ഞാലിയിലെ വാടകവീട്ടിലുമായി കുറച്ചുനാള്‍ താമസിച്ചു. തുടര്‍ന്നാണ് ഇരുവരും സന്ദര്‍ശനവിസയില്‍ സൗദിയിലേക്ക് പോയത്.
https://www.facebook.com/Malayalivartha
























