ആറ് മാസത്തിന് മുമ്പ് വിവാഹിതനായ അജ്മല്‍ ഭാര്യയുമായി ഇന്ന് ഫ്‌ളാറ്റില്‍ മാറാനിരിക്കെ വിധി അവനെ തട്ടിയെടുത്തത്... കണ്ണീരും കൈയുമായി നവവധു: ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉറ്റവര്‍

വെള്ളയമ്പലം ജംക്ഷനില്‍ മല്‍സര ഓട്ടം നടത്തി നിയന്ത്രണം വിട്ട് ടൈറ്റാനിയം കമ്പനിയുടെ ബസില്‍ ബൈക്കിടിച്ച് മരിച്ച അജ്മലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നുച്ചയോടെ സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. മോഡല്‍ സ്‌കൂളിന് സമീപം ഓണ്‍ലൈന്‍ ടൂര്‍ പാക്കേജ് സ്ഥാപനം നടത്തിവന്ന കോഴിക്കോട് മട്ടാഞ്ചേരി കുന്നംകുഴി ഹൗസില്‍ മുഹ്‌സീന്‍- ജമീല ദമ്പതികളുടെ മകന്‍ അജ്മലാണ് (27)ഇന്നലെ രാത്രി പത്തരയോടെ അപകടത്തില്‍ മരിച്ചത്. രണ്ട് ബൈക്കുകളിലായി സുഹൃത്തിനൊപ്പം വരുമ്പോഴാണ് എതിര്‍ദിശയില്‍ നിന്ന് വന്ന ടൈറ്റാനിയം കമ്പനി ബസുമായി ബൈക്ക് ഇടിച്ചത്. ബൈക്കുകള്‍ അമിതവേഗത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പരിക്കേറ്റ അജ്മലിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രാഫിക് പൊലീസ് കേസെടുത്തു. സ്വകാര്യ ബസ് കമ്പനിയുടെ മാനേജിങ് പാര്‍ട്‌നറായിരുന്നു അജ്മല്‍.
സുഹൃത്തുക്കള്‍ തമ്മില്‍ ബൈക്കുകളില്‍ മത്സരയോട്ടം നടത്തിയെന്ന ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ പൊലീസ് സ്ഥിരീകരിക്കൂ. ഭാര്യയുമൊത്ത് വേളിയിലെ ഫ്‌ളാറ്റില്‍ ഇന്ന് താമസം ആരംഭിക്കാനിരിക്കെയാണ് അജ്മലിന്റെ ജീവിതത്തില്‍ വിധി വില്ലനായത്. ആറുമാസം മുമ്പായിരുന്നു മലപ്പുറം സ്വദേശി റജീനയെ അജ്മല്‍ ജീവിത സഖിയാക്കിയത്. പി.ജി വിദ്യാര്‍ത്ഥിനിയായിരുന്ന റെജീന ബംഗളൂരുവില്‍ പരീക്ഷയ്ക്ക് പോയശേഷം ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഭര്‍ത്താവിന് അപകടം സംഭവിച്ചതറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന റെജീനയെ ആശ്വസിപ്പിക്കാനാകാതെ വിഷമത്തിലാണ് സുഹൃത്തുക്കള്‍.
ഇന്നലെ രാത്രി 10.30ന് ആയിരുന്നു അപകടം. വഴുതക്കാട് ഭാഗത്തുനിന്നു വെള്ളയമ്പലം ജംക്ഷനിലേക്ക് അമിത വേഗത്തില്‍ ബൈക്കുകള്‍ എത്തുകയായിരുന്നു. ഇതില്‍ അജ്മല്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ട്രാഫിക് ഐലന്‍ഡിലുണ്ടായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ അജ്മലിനെ പിന്നാലെ എത്തിയ ചിലര്‍ ആശുപത്രിലേയ്ക്ക് മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























