നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്; കേസ് തള്ളിയപ്പോയും വിവാദം അണയുന്നില്ല; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലെ മറ്റൊരു ചര്‍ച്ചയായി വിഷയം മാറുമ്പോള്‍

തന്നെ ട്രെയിനില്‍ വെച്ച് ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തല്‍ കെട്ടടങ്ങിയിട്ടില്ല. ആ പരാമര്‍ശിക്കുന്നത് താനല്ലേ എന്ന ആശങ്കയോടെ പോലീസില്‍ പരാതി നല്‍കിയ പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി കേസെടുക്കാതെ പൊലീസ് തള്ളി.
ഇതിനിടെ ഏതു മുന്നണിക്കൊപ്പം പോകണമെന്ന് തീരുമാനിക്കാന്‍ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് ചെങ്ങന്നൂരില്‍ മാണി പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഇന്ന് കോട്ടയത്താണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം. ഏതു മുന്നണിക്കൊപ്പം നില്‍ക്കുമെന്ന മാണിയുടെ പ്രഖ്യാപനം അതിന് ശേഷം ഉണ്ടാകും. രാജ്യസഭാ, ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട രാഷ്്്ട്രീയ നിലപാട് ചര്‍ച്ചചെയ്യാനാണ് യോഗം. ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ട് എന്ന ധാരണയാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളതെങ്കിലും ആര്‍ക്ക് വോട്ടുചെയ്യണമെന്ന രഹസ്യ ധാരണയ്ക്കും സാധ്യതയുണ്ടെന്നാണ് വിവരം. നിഷയുടെ പരാതിയില്‍ ഷോണ്‍ജോര്‍ജ് പരാതി നല്‍കിയ സാഹചര്യത്തില്‍ മാണിക്കും ജോസ് കെ മാണിക്കും നിഷയ്ക്കും പാര്‍ട്ടി ഇന്നത്തെ യോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചേക്കും. ഈ വിഷയത്തിലും മാണിയുടെ പരാമര്‍ശനം ഇന്നുണ്ടാവുമെന്നാണ് സൂചന.
നിഷ ജോസ് കെ മാണിയുടെ പരാമര്‍ശത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ജോര്‍ജ് നല്‍കിയ പരാതി പൊലീസ് കാരണമൊന്നും വിശദമാക്കാതെ തള്ളുകയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും ഷോണിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ഷോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് കേസെടുക്കാവുന്ന വിഷയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍ പറഞ്ഞ സംഭവത്തിന്റെ പരിധിയിലുള്ള കോടതിയെ ഇക്കാര്യം ചൂണ്ടിക്കാട്ടി സമീപിക്കാമെന്നാണ് പൊലീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്നലെതന്നെ ചില നിയമ വിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഏതായാലും പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ഷോണ്‍ ജോര്‍ജും വ്യക്തമാക്കി. ഇതോടെ വിഷയം കൂടുതല്‍ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നും ഉറപ്പായി.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു. യാത്രയിലേറ്റ അപമാനം വിവരിച്ച് 'മീ ടൂ' പ്രതാരണത്തില്‍ താനും പങ്കു ചേരുന്നുവെന്ന് നിഷ പറയുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്.
മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്‍പാദത്തില്‍ സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയായിരുന്നു. മാണി കേരളാ കോണ്‍ഗ്രസും പിസി ജോര്‍ജുമായി വലിയ ഏറ്റുമുട്ടലിലേക്ക് വിഷയം നീങ്ങി. പരാമര്‍ശം വന്നതിന് പിന്നാലെ അത് പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ നിഷയ്‌ക്കെതിരെ ആക്ഷേപവുമായി പിസി ജോര്‍ജും പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തെത്തി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാണിയുടെ മരുമകള്‍ മറുപടി പറയണമെന്ന നിലപാടിലാണ് ഷോണ്‍ ജോര്‍ജ്.
https://www.facebook.com/Malayalivartha























