ബാര്‍ക്കോഴ കേസിന്റെ പേരില്‍ കെ.എം മാണിയുടെ മുന്നണി പ്രവേശനം തടയുന്ന സി.പി.ഐയെ വയനാട് ഭൂമി ഇടപാട് വിവാദം ഉപയോഗിച്ച് നേരിടാന്‍ സി.പി.എം, അടുത്ത മുന്നണി യോഗം ചൂടേറിയ വാഗ്‌വാദ വേദിയാകും

ബാര്‍ക്കോഴ അഴിമതി ആരോപണത്തിന്റെ പേരില്‍ കെ.എം മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിന് തടയിട്ടിരിക്കുന്ന സി.പി.ഐയും കാനം രാജേന്ദ്രനും അവസാനം കേരളാ കോണ്‍ഗ്രസിന്റെ എന്‍ട്രിക്ക് വഴിയൊരുക്കുന്നു. വയനാട്ടിലെ നാലരയേക്കര്‍ മിച്ചഭൂമി സ്വകാര്യവ്യക്തിക്ക് റിസോര്‍ട്ട് പണിയാന്‍ പതിച്ച് നല്‍കാന്‍ സി.പി.ഐയുടെ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും റവന്യൂ ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന വലിയ കണ്ണി ശ്രമിക്കുന്നെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സി.പി.എം കേരളാ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നു. ആദര്‍ശ ധീരത പൊതുസമൂഹത്തിന് മുന്നില്‍ പ്രസംഗിക്കുകയും രഹസ്യമായി അഴിമതിനടത്തുകയും ചെയ്യുന്ന സി.പി.ഐ നേതാക്കളെ മുന്നണിയോഗത്തില്‍ സി.പി.ഐം നിശബ്ദരാക്കും. അതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
വയനാട് ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ എത്തിയത്. അവിടെ നിന്ന് റവന്യൂമന്ത്രിയുടെ ഓഫീസിലേക്ക് പാസ് വാങ്ങാനാണ് പോയതെന്നാണ് പറയുന്നത്. എന്നാല്‍ ഇടപാടില്‍ പാര്‍ട്ടിയിലെ ചില ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. അവര്‍ അണിയറയില്‍ ഇരുന്നാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ ശക്തമായ നടപടിയെടുക്കാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും തീരുമാനിച്ചിട്ടുണ്ട്. റവന്യൂമന്ത്രി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി ഇന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തോമസ് ചാണ്ടി വിഷയത്തിലുള്‍പ്പെടെ സി.പി.ഐയെ പ്രതിരോധത്തിലാക്കിയ സി.പി.ഐയെ തളയ്ക്കുകയാണ് സി.പി.എം ലക്ഷ്യം.
മന്ത്രിതലത്തിലോ ഉന്നത ഉദ്യോഗസ്ഥ തലത്തിലോ അഴിമതി നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനാല്‍ വിജിലന്‍സ് അന്വേഷണം ആ വഴിക്ക് നടക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ അനൗദ്യോഗിക അന്വേഷണം നടത്തുമെന്നുറപ്പാണ്. അതിലൂടെ മുഖ്യകണ്ണികളെ കണ്ടെത്താനാവും. അത് വെച്ച് സി.പി.ഐയെ പ്രതിരോധത്തിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അടുത്ത മുന്നണിയോഗത്തില്‍ ഈ അഴിമതി ചര്‍ച്ചയ്ക്ക് വയ്ക്കുകയും അതുവഴി കേരളാ കോണ്‍ഗ്രസിന്റെ പ്രവേശനം സാധ്യമാക്കുകയുമാണ് സി.പി.എം ലക്ഷ്യം. ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതുംകൂടി ചൂണ്ടിക്കാട്ടിയായിരിക്കും കോടിയേരിയും പിണറായിയും കേരളാകോണ്‍ഗ്രസിന്റെ പ്രവേശനം തടാനുള്ള സി.പി.ഐ നീക്കത്തെ എതിര്‍ക്കുക.
https://www.facebook.com/Malayalivartha