ഇരിങ്ങാലക്കുടയില്‍ ഭര്‍തൃഗൃഹത്തില്‍ 23കാരി ഫസീല ജീവനൊടുക്കിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍

ഇരിങ്ങാലക്കുടയില്‍ ഭര്‍തൃഗൃഹത്തില്‍ 23കാരിയും ഗര്‍ഭിണിയുമായ ഫസീല ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് നൗഫലും (29) ഭര്‍തൃമാതാവ് റംലത്തുമാണ് (55) അറസ്റ്റിലായത്. രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിയെ ഇവര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യുവതി മരിക്കുന്നതിന് മുന്‍പ് കുടുംബത്തിനയച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നൗഫലിനും മാതാവിനുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവയടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫസീലയും ഭര്‍ത്താവും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചത്. ഇതില്‍ മനംനൊന്താണ് യുവതി വീടിന്റെ ടെറസിലെത്തി തൂങ്ങിമരിച്ചത്.
ഇതുകണ്ട നൗഫലും മാതാവും ഫസീലയെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വിവരം നൗഫല്‍ ഫസീലയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ കുടുംബം നൗഫലിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയെന്നും നിരന്തരം മര്‍ദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്ക്കയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭര്‍തൃമാതാവ് തെറി വിളിച്ചുവെന്നും അവര്‍ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. യുവതി രണ്ടാമതും ഗര്‍ഭിണിയായിരുന്നു എന്ന വിവരം മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുള്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മകന്‍ മുഹമ്മദ് സെയാന്‍ (ഒമ്പത് മാസം).
https://www.facebook.com/Malayalivartha



























