പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു വഴിപാട്... ബാറുകള്‍ പൂട്ടി കൈയ്യടി വാങ്ങിച്ച ഉമ്മന്‍ ചാണ്ടിയും സംഘവും സുപ്രീം കോടതി വിധി എതിരാകുവാന്‍ പ്രാര്‍ത്ഥിക്കുന്നുവോ?

സുപ്രീം കോടതി വിധി സര്‍ക്കാരിന് എതിരാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറക്കുന്നതിന്റെ യുക്തി എന്തെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പക്ഷപാതപരമായി ഒരു കൂട്ടം മുതലാളിമാരുടെ ബാറുകള്‍ മാത്രം പൂട്ടുകയും വന്‍ മുതലാളിമാരുടെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ വെറുതേ വിടുകയും ചെയ്തതിനേയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. കൂടാതെ ബിവറേജസും തുറന്നിരിക്കുന്നു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അങ്ങനെ വാദിക്കാനും കഴിയില്ല. പിന്നെ ഈ ഫൈവ് സ്റ്റാര്‍ ബാറുകള്‍ പൂട്ടാമെന്നു വച്ചാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലാതായി മാറും. ടൂറിസം കുത്തുപാളയെടുക്കും. പുറത്തു നിന്ന് ഒരാളും ഇവിടെ എത്താതെ ഹോട്ടലുകള്‍ പൂട്ടിക്കെട്ടും. അതിനാല്‍ ഫൈവ് സ്റ്റാറില്‍ തൊട്ട് സര്‍ക്കാര്‍ കളിക്കില്ല.
ഒരാവേശത്തിന് മദ്യ നിരോധനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈയ്യടി നേടി. എല്ലാവരും പെട്ടന്ന് ഗാന്ധിയന്മാരായി. പിന്നീടാണറിഞ്ഞത് ഖജനാവിലെ പണം കൂടുതലും കുടിയന്മാരുടേതാണെന്ന്. ഈ ഓണ നാളിലും പണമില്ലാതെ നരകിച്ച സര്‍ക്കാരിന് കുടിയന്മാര്‍ മരിച്ച് കുടിച്ച് കോടിക്കണക്കിന് രൂപ കൊടുത്തു.
മദ്യ നിരോധനത്തിനായി ഉമ്മന്‍ചാണ്ടിയെ പ്രകോപിച്ച സഭയും ലീഗും കാലുമാറി. സഭാദാസന്മാരുടെ ബഹുഭൂരിപക്ഷം ബാറുകളും പൂട്ടും. ഉടന്‍ തന്നെ പള്ളി വക വിമര്‍ശനവും വന്നു. തിടുക്കം കൂടിപ്പോയി. ഇതിനിടെ ബാറുകളുടെ രക്ഷകനായ വെള്ളാപ്പള്ളി സര്‍ക്കാരിനെ ശപിച്ചു.അടുത്ത തെരഞ്ഞെടുപ്പില്‍ കാണാം. ഇതിനും പുറമേ ലൈസന്‍സ് കിട്ടാനായി കൈക്കൂലി വാങ്ങിച്ച നേതാക്കളെ ചൂണ്ടിക്കാണിക്കുമെന്ന ബാറുകാരുടെ ഭീഷണി വേറെ.
മടുത്തു. ബാറില്‍ നിന്നും ഒന്നു തലയൂരിയാല്‍ മതി. മദ്യത്തിനെതിരാണെന്ന് ജനത്തിന് മനസിലായി. ഇനി പതുക്കെ തടി തപ്പണം. അതിന് പറ്റിയ വഴി നാട്ടിലെ കോടതിയാണ്. കോടതി വിധിയിലൂടെ ബാറുകള്‍ തുറന്നാല്‍ ആരും കുറ്റം പറയില്ല. പ്രതിപക്ഷവും ബാറുകാരോടൊപ്പമാണ്. മദ്യം വിളമ്പണം. പക്ഷെ ജനങ്ങള്‍ രുചിച്ച് നോക്കരുത് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതിനാല്‍ അതിന്റെ പേരിലും വിമര്‍ശനം വരില്ല.
ഇനി ഉള്ളത് കണ്ണടയ്ക്കുക എന്നതാണ്. ചെയ്യേണ്ടത് ബാറുകാരുടെ വക്കീലുമാര്‍ ചെയ്‌തോളും. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിച്ച അഭിഭാഷകരില്‍ ഒരാളായ നരിമാനാണ് ബാറുകാരുടെ അഭിഭാഷകന്‍. ചുരുക്കി പറഞ്ഞാല്‍ കേസ് തോറ്റ് കൈയ്യടി വാങ്ങാനാണ് സര്‍ക്കാരിന് താത്പര്യം. മദ്യ നിരോധനം പ്രഖ്യാപിച്ചല്ലോ. ഇനി അത് നടപ്പാകാതെ കാര്യം നേടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha