യുഡിഎഫിനെ ചെങ്ങന്നൂരിലെ ക്രൈസ്തവ സഭകൾ കൈവിട്ടതോടെ ഉമ്മൻചാണ്ടിയെ കളത്തിലിറക്കി വിശ്വാസം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം

ചെങ്ങന്നൂരിൽ ക്രൈസ്തവ സഭകൾ യുഡിഎഫിനെ കൈവിട്ടതറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാർ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ അഭയം തേടി. ഉമ്മൻ ചാണ്ടിയെ മണ്ഡലത്തിൽ സജീവമാക്കി സഭകളുടെ വിശ്വാസം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. മാർത്തോമാ സഭയുടെയും മറ്റും നിലപാടുകൾ പരസ്യമായ പശ്ചാത്തലത്തിലാണ് വിജയകുമാർ ഉമ്മൻ ചാണ്ടിയെ കണ്ടത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് വിജയകുമാറിനെ സഹായിക്കാൻ കഴിയുമോ എന്ന് കണ്ടറിയാം.
മണ്ഡലത്തിൽ ബലമുള്ള ബിഷപ്പ് ഹൗസുകളിലൊക്കെ സി പി എമ്മിന്റെ ഉയർന്ന നേതാക്കൾ പലവട്ടം സന്ദർശിച്ച് കഴിഞ്ഞു. ഇതിൽ കോടിയേരിയാണ് പലവട്ടം സന്ദർശനം നടത്തിയത് എന്നാണ് റിപ്പോർട്ട്. എന്നാൽ കോൺഗ്രസ് നേതാക്കൾ ഇവിടങ്ങളിൽ പേരിന് മാത്രമാണ് വന്നു പോയത്. ചെന്നിത്തല ഇവിടങ്ങളിൽ വന്നിട്ടില്ല. ഉമ്മൻ ചാണ്ടി പേരിന് മാത്രം വന്നു പോയി. ഇതൊന്നും തന്നെ ആത്മാർത്ഥതയുള്ള സന്ദർശനങ്ങൾ ആയിരുന്നില്ല. ബിജെപി നേതാക്കൾ പോലും ഇതിൽ കൂടുതൽ തവണ ബിഷപ്പ് ഹൗസുകളിലെത്തിയിരുന്നു.
വിജയകുമാർ തന്നെയാണ് തനിക്ക് സംഭവിച്ചിരിക്കുന്ന അപകടത്തെ കുറിച്ച് മനസിലാക്കി നേരിട്ട് രംഗത്തിറങ്ങിയത്. അദ്ദേഹം പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടു തന്റെ പ്രതിസന്ധി വിജയകുമാർ വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ ഉമ്മൻ ചാണ്ടി വ്യക്തമായ മറുപടിയൊന്നും നൽകിയില്ല. പകരം സന്ദർശനത്തിനൊടുവിൽ തന്നെ കണ്ട മാധ്യമ പ്രവർത്തകരോട് കെ എം മാണി യുഡിഎഫിൽ തിരിച്ചെത്തണമെന്നു മാത്രം ആവശ്യപ്പെട്ടു. അതിൽ ഒരു സൂചനയുണ്ട്. മാണിക്ക് ധാരാളം വോട്ടുള്ള സ്ഥലമാണ് ചെങ്ങന്നൂർ. അദ്ദേഹം ഇടഞ്ഞു നിൽക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു.
വിജയകുമാറിന് ഒരു ഹൈന്ദവ പ്രതിഛായയാണ് ചെങ്ങന്നൂരിലുള്ളത്. അതിനു കാരണം ചില ഹൈന്ദവ സംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. ബി ജെ പിയുടെ വോട്ടുകൾ വിജയകുമാർ വാങ്ങുമെന്ന് മണ്ഡലത്തിൽ പ്രചരണവുണ്ട്. അങ്ങനെ വന്നാൽ സജി ചെറിയാൻ ജയിക്കണമെന്ന് ക്രൈസ്തവ സഭകൾ ആഗ്രഹിക്കുന്നു. അതിൽ അവരെ തെറ്റ് പറയാനാവില്ല.
രമേശ് ചെന്നിത്തലക്കുള്ള ബിജെപി പ്രതിഛായയും ചെങ്ങന്നൂരിൽ വിജയകുമാറിന് തിരിച്ചടിയായിട്ടുണ്ട്. വിജയകുമാറും ചെന്നിത്തലയുടെ സ്വഭാവത്തിലുള്ള വ്യക്തിയാണെന്നാണ് സി പി എം നടത്തുന്ന പ്രചരണം. അത് നിർഭാഗ്യവശാൽ മണ്ഡലത്തിൽ ഏറ്റിട്ടുണ്ട്.
ഉമ്മൻ ചാണ്ടി പാർട്ടിയിൽ സജീവമല്ല. ചെങ്ങന്നൂർ മണ്ഡലത്തിൽ ചെന്നിത്തലയുടെ ജന്മദേശവും വരും. തന്നെ തകർത്ത ചെന്നിത്തലയെ താൻ എന്തിന് സഹായിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മനസിലിരിപ്പ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരിക്കലും യോജിക്കാനാവാത്ത തരത്തിൽ അകന്നുപോയി. തന്നെ വേണ്ടാത്ത കോൺഗ്രസിന് താൻ എന്തിന് എന്നാണ് ഉമ്മൻ ചാണ്ടി ചിന്തിക്കുന്നത്. ഇതിന്റെ പ്രതിഫലനം ഉമ്മൻ ചാണ്ടിയുടെ അനുയായികളിലുമുണ്ട്.
https://www.facebook.com/Malayalivartha
























