വരാപ്പുഴ കസ്റ്റഡി മരണം; എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന് പിന്നാലെ സിപിഎം നേതൃത്വവും പ്രതിരോധത്തിൽ

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന് പിന്നാലെ സിപിഎം നേതൃത്വവും പ്രതിരോധത്തിലാകുന്നു.കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതാണെന്ന കാര്യം പോലീസ് തന്നെ സമ്മതിക്കുകയും പിന്നാലെ എവി ജോര്‍ജിന്റെ സസ്‌പെന്‍ഷനില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുകയുമാണ്. നേരത്തെ തന്നെ സിപിഎം നേതാക്കളുടെ സ്വാധീനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് ഉൾപ്പെടെയുള്ള വരെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും ആലുവ റൂറല്‍ എസ്പി യായിരുന്ന എവി ജോര്‍ജിനെ സസ്‌പെന്റ് ചെയ്തതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കണം. സിബിഐ അന്വേഷണം ആവശ്യപെട്ട് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.
വളരെ പെട്ടെന്ന് എവി ജോര്‍ജിനെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്നെങ്കിലും സിപിഎം നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരേയും പോലീസ് സ്‌റ്റേഷനുകളേയും സ്വാധീനിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ കുറ്റപെടുത്തല്‍ ശക്തിപ്രാപിക്കുകയാണ്. നടി ആക്രമിക്കപെട്ട കേസിലെ അന്വേഷണത്തിലൂടെ എത്ര ഉന്നതനാണ് കുറ്റവാളിയെങ്കിലും പോലീസ് നടപടിയെടുക്കുമെന്ന് തെളിയിച്ച സര്‍ക്കാര്‍ ,അതേകേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കസ്റ്റഡിമരണത്തിലും നടപടിയെടുത്തിരിക്കുകയാണ്. പോലീസിലെ ഉന്നതഉദ്യോഗസ്ഥര്‍ പോലും സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കുന്ന തരത്തില്‍ പെരുമാറുന്നതും മുഖ്യമന്ത്രിയേയും ഇടതുമുന്നണിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























