നികുതി വര്‍ധിപ്പിച്ചത് ആരോട് ചോദിച്ചിട്ട് ? സര്‍ക്കാരില്‍ പോരു മുറുക്കി സുധീരന്‍

സര്‍ക്കാരിനോട് പോരു മുറുക്കി വീണ്ടും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തെത്തി. വെള്ളക്കരം ഉള്‍പ്പെടെയുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നാണ് സുധീരന്‍ പറയുന്നത്. ഇതു സംഭവിച്ചത് എങ്ങനെയാണെന്നും സുധീരന്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു.
മദ്യനയത്തിന്റെ പേരില്‍ തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നികുതി വര്‍ധനവിനു പിന്നിലെന്ന് സുധീരന്‍ കരുതുന്നു. മദ്യനയം തന്റെ മാത്രം ആവശ്യമായിരുന്നു. കോണ്‍ഗ്രസില്‍ പലര്‍ക്കും ഇതിനോട് എതിര്‍പ്പായിരുന്നു. ഘടക കക്ഷികള്‍ തീരുമാനത്തെ ആദ്യ ഘട്ടത്തില്‍ അംഗീകരിച്ചെങ്കിലും പിന്നീട് കൈവിട്ടു. ഇതെല്ലാം തന്നെ കുറ്റപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സുധീരന്റെ സംശയം.
നികുതി വര്‍ധനവിനെ എതിര്‍ത്ത് രംഗത്തെത്തിയ സിപിഎമ്മിനെതിരെ സംസാരിച്ചെങ്കിലും നികുതി വര്‍ധന പാര്‍ട്ടി പരിശോധിക്കണമെന്നാണ് സുധീരന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. തോന്നും മട്ടില്‍ നികുതി വര്‍ധിപ്പിക്കാന്‍ ആരാണ് തീരുമാനിച്ചതെന്നും സുധീരന്‍ ചോദിക്കുന്നു. ബജറ്റിലല്ലാതെ ഇത്തരത്തില്‍ നികുതി വര്‍ധിപ്പിച്ചത് തെറ്റാണെന്നു തന്നെയാണ് സുധീരന്റെ നിലപാട്. ഇക്കാര്യങ്ങള്‍ പഠിച്ച ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും സുധീരന്‍ പറയുന്നു.
ചുരുക്കത്തില്‍ സര്‍ക്കാരിനെതിരായ തുറുപ്പുചീട്ടായാണ് നികുതി വര്‍ധനവിനെ സുധീരന്‍ കാണുന്നത്. മദ്യനിരോധനം പോലെയുള്ള ജനപ്രിയമായ ഒരു പ്രഖ്യാപനത്തിനു പിന്നാലെ നികുതി വര്‍ധിപ്പിച്ചത് സര്‍ക്കാരിനും കോണ്‍ഗ്രസിനുമുള്ള ജനപ്രീതി തകര്‍ക്കാന്‍ വേണ്ടിയാണെന്നും സുധീരന്‍ വിശ്വസിക്കുന്നു. ഇതു സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ രാഹുല്‍ ഗാന്ധിയെ സുധീരന്‍ അറിയിച്ചു.
ഇതിനിടെ നികുതി ബഹിഷ്‌ക്കരണമെന്ന ഒരു പക്ഷത്തിന്റെ ആവശ്യം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മ്ലാനത പരത്തിയിട്ടുണ്ട്. സോളാര്‍ സമരം പോലെയായിരിക്കില്ല നികുതി വര്‍ധനാ സമരമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. നികുതി വിരുദ്ധസമരത്തിനൊപ്പം ജനക്കൂട്ടം അണിനിരക്കും. നികുതി ബഹിഷ്‌ക്കരണം തന്നെ ചിലപ്പോള്‍ നടന്നുകൂടെന്നില്ലെന്നും കെപിസിസി വിശ്വസിക്കുന്നു. വെള്ളക്കരം ജനങ്ങള്‍ അടയ്ക്കാതിരുന്നാല്‍ കൂട്ടത്തോടെ വെള്ളംകുടി മുട്ടിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിനും കഴിയില്ലെന്നും കെപിസിസി കരുതുന്നു.
കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ നികുതി വര്‍ധനയെന്നും കെപിസിസി സംശയിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നില്‍ ആരാണെന്നാണ് കെപിസിസി ചോദിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha