ആരു പറഞ്ഞാലും ഒരു ചുക്കുമില്ല... ഗുരു മദ്യത്തിന് എതിരായിരുന്നെന്ന് ശിവഗിരി മഠം; ശിവഗിരി മഠം ഉണ്ടായത് മദ്യ രാജാക്കന്മാരുടെ പണം കൊണ്ടെന്ന് വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ഗുരുവിന്റെ വചനത്തിന്റെ പേരില്‍ ഗുരുവിന്റെ പേരിലുള്ള രണ്ട് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തമ്മിലടി. സര്‍ക്കാരിന്റെ മദ്യ നയത്തെ പിന്തുണച്ചും വെള്ളാപ്പള്ളിയെ കളിയാക്കിയും ശിവഗിരി മഠം രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. മദ്യത്തെയും മദ്യവില്‍പ്പനക്കാരേയും ഒറ്റപ്പെടുത്തണമെന്നും എസ്‌എന്‍ഡിപി എന്നല്ല ആരു പറഞ്ഞാലും ഗുരുദേവ ഭക്‌തന് മദ്യത്തെ അനുകൂലിക്കാനാകില്ലെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
സമ്പൂര്‍ണ്ണ മദ്യനിരോധനം തന്നെ വേണം. മദ്യം കുടിക്കുന്നതും നിര്‍മ്മിക്കുന്നതും ഒഴിവാക്കാനാണ് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്‌തത്. ഇതിനെതിരേ ആരു പറഞ്ഞാലും അത് അംഗീകരിക്കാന്‍ പറ്റില്ല. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്‌തിപരമാണ്. നിലപാട് പിന്നീട് അദ്ദേഹം തിരുത്തുമെന്നാണ് കരുതുന്നതെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
എന്നാല്‍ സ്വാമിയുടെ വാക്കുകള്‍ പുറത്തു വന്നതോടെ വെള്ളാപ്പള്ളിയും രംഗത്തെത്തി. ശിവഗിരി മഠം ഉണ്ടായത് മദ്യരാജാക്കന്മാരുടെ പണം കൊണ്ടാണെന്നും ആര് എന്ത് പറഞ്ഞാലും എസ്എന്‍ഡിപിക്ക് ഒരു ചുക്കും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യംനയം അപ്രായോഗികമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തന്നെ മദ്യലോബിയുടെ ആളാക്കാനാണ് ശ്രമം നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്ന മദ്യനയം വിജയിപ്പിക്കേണ്ടത് ശ്രീനാരായണീയരെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha