സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത യുഡിഎഫിന്റെ ചെങ്ങന്നൂരിലെ തോല്‍വി: ചെന്നിത്തല മറുപടി പറയേണ്ടി വരുമെന്ന് സൂചന; ഉമ്മന്‍ ചാണ്ടിയും ഉത്തരം പറയേണ്ടിവരും

ഇങ്ങനെയൊരു തോല്‍വി യുഡിഎഫ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. 2016ല്‍ ലീഡ് നേടിയ ചെങ്ങന്നൂര്‍ നഗരസഭയടക്കം യുഡിഎഫിനെ കൈവിട്ടത് നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കും. സ്വന്തം പഞ്ചായത്തായ മുളക്കുഴയില്‍ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 3637 വോട്ടിന്റെ ലീഡ് നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി സ്വന്തം തട്ടകമായ പുലിയൂരില്‍ 866 വോട്ടിന് പിന്നിലായി. അതായത് ജന്മനാട്ടില്‍ പോലും ഡി. വിജയകുമാറിന് ലീഡ് നേടാനുള്ള പിന്തുണ കിട്ടിയില്ല.
നാടിളക്കി പ്രചാരണം നടത്തിയ കോണ്‍ഗ്രസിന് കിട്ടിയ വന്‍ തിരിച്ചടിയാണ് ചെങ്ങന്നൂരിലേത്. ചെന്നിത്തല പഞ്ചായത്തിലെ തോല്‍വിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണക്കു പറയേണ്ടതായി വരുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ കുടുംബ വീടിരിക്കുന്ന മാന്നാറിലെ വള്ളക്കാലിലും സജി ചെറിയാനാണ് മുന്നിലെത്തിയത് 2016ല്‍ എല്‍ ഡി എഫ് ലീഡ് നേടിയ ചെന്നിത്തല പഞ്ചായത്ത് തിരിച്ചുപിടിച്ചില്ലെങ്കില്‍ നാണക്കേടാകുമെന്ന് പ്രതിപക്ഷ നേതാവിനും അറിയാമായിരുന്നു. റോഡ് ഷോയടക്കം വലിയ പ്രചരണം നടത്തിയെങ്കിലും ഏറ്റില്ല. 3537 വോട്ടിന്റെ ലീഡാണ് ചെന്നിത്തലയില്‍ മാത്രം സജി ചെറിയാന് കിട്ടിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുബ വീടിരിക്കുന്ന മാന്നാറിലെ വള്ളക്കാലില്‍ ബൂത്തില്‍ ഇടതു സ്ഥാനാര്‍ഥി 77 വോട്ടിന് മുന്നിലെത്തി
10 പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലമൊന്നാകെ കൈവിട്ടു പോയതിലാണ് യുഡിഎഫിന് ദുഖം. എ കെ ആന്റണിയടക്കം കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ കാംപ് ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് വ്യക്തമായി. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ട ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി മെനഞ്ഞ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് സജി ചെറിയാന്‍ നടത്തിയ തേരോട്ടത്തില്‍ പകച്ച് യുഡിഎഫ് ക്യാമ്പ്.
2016ലെ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നതും ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. അത്തരത്തിലുള്ള വോട്ടു ചേര്‍ച്ച തടയുന്നതിനുള്ള അണിയറ നീക്കങ്ങളാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയത്. മണ്ഡലത്തിലെ പ്രബല സമുദായമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് ഇടതുപക്ഷത്തേക്കുള്ള വോട്ട് ചോര്‍ച്ച തടഞ്ഞുള്ള യുഡിഎഫ് നീക്കത്തിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യാക്കോബായ പരമാധ്യക്ഷനെ സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയതാണ് ഓര്‍ത്തഡോക്‌സ് വോട്ട് വലയിലാക്കാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.
അതേസമയം പുതുപ്പള്ളി മണ്ഡലത്തില്‍ നിര്‍ണായക ശക്തിയുള്ള യാക്കോബായ വിഭാഗത്തെ ഒപ്പം നിര്‍ത്തേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യവുമായിരുന്നു. അതുകൊണ്ടു തന്നെ കാതോലിക്കാ ബാവയുടെ സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാകാന്‍ ഉമ്മന്‍ ചാണ്ടിക്കും സാധിച്ചില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ തന്ത്രങ്ങളാണ് യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടി ചെങ്ങന്നൂരിലും സ്വീകരിച്ചത്. ഇരുനൂറോളം കുടുംബയോഗങ്ങളില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയെങ്കിലും അതൊന്നും വോട്ടാക്കാനായില്ലെന്നതാണ് ഫലം തെളിയിക്കുന്നത്. യുഡിഎഫിനും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള പഞ്ചായത്തുകളില്‍ പോലും വിജയകുമാറിന് മുന്നേറ്റമുണ്ടാക്കാനായില്ല.
2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് ഒഴുകിയ സവര്‍ണവോട്ടുകള്‍ തിരികെയെത്തിക്കാനായെന്നതു മാത്രമാണ് ചെങ്ങന്നൂരില്‍ യുഡിഎഫിനുണ്ടായ ഏകനേട്ടം. അതേസമയം ക്രിസ്ത്യന്‍, ന്യൂനപക്ഷ മേഖലകളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.
https://www.facebook.com/Malayalivartha





















