എസ്എന്‍ഡിപി പ്രഖ്യാപനം ഇടതു സ്ഥാനാര്‍ഥിക്ക് ഗുണകരമായെമന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; കോടിയേരിയുടെ പ്രസ്ഥാവന എസ്എന്‍ഡിപിക്ക് ഇടതിലേക്കുള്ള പച്ചക്കൊടിയോ

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മൂന്നു മുന്നണികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന പ്രതീതി ഉടലെടുത്തതോടെയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മര്‍ദ്ദ ശക്തിയെന്ന് അവകാശപ്പെടുന്ന സമുദായ സംഘടനകള്‍ രംഗത്തെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എന്ന പേരില്‍ എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎ സഖ്യത്തിനൊപ്പം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. ഈ നീക്കത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പല മണ്ഡലങ്ങളിലും ഈ സഖ്യം യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ അപ്രതീക്ഷിത പരാജയത്തിലേക്കും വിജയത്തിലേക്കും നയിക്കാനിടയാക്കി.
അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി തെറ്റി എന്‍ഡിഎ വിട്ട ബിഡിജെഎസ് പ്രചാരണരംഗത്ത് നിര്‍ജ്ജീവമായിരുന്നു. ഇതിനിടയിലാണ് തങ്ങളെ സഹായിച്ചവര്‍ക്ക് വോട്ടെന്ന നയവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്. വെള്ളപ്പാള്ളിയുടെ ഈ നിലപാട് ഇടത് സ്ഥാനാര്‍ഥിക്ക് അനുകൂലമായിരുന്നു. എസ്എന്‍ഡിപി പ്രഖ്യാപനം ഇടതു സ്ഥാനാര്‍ഥിക്ക് ഗുണകരമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
ഏതായാലും ചെങ്ങന്നൂരില്‍ ഇടതു സ്ഥാനാര്‍ഥി വിജയിച്ച പശ്ചാത്തലത്തില്‍ അവകാശവാദവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഈഴവ ഭൂരിപക്ഷ മേഖലകളിലും സജി ചെറിയാന്‍ മുന്നേറ്റമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാവും വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള എസ്എന്‍ഡിപി ബിഡിജെഎസ് നേതാക്കള്‍ രംഗത്തെത്തുക. അതേസമയം മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണ നല്‍കിയിട്ടും വിജയിക്കാത്തത് എസ്എന്‍ഡിപിയുടെ ശക്തിയില്‍ സംശയമുണ്ടാക്കുന്നതാണ്. ഏതായാലും ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ഥിയുടെ വിജയം ചൂണ്ടിക്കാട്ടി ബിജെപിയോട് വിലപേശാനോ അതു നടന്നില്ലെങ്കില്‍ ഇടതു മുന്നണിയില്‍ കയറിപ്പറ്റാനോ ആകും ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും ശ്രമിക്കുക.
അതേസമയം സമദൂരം പ്രഖ്യാപിച്ച് വെട്ടിലായിരിക്കുകയാണ് എന്‍എസ്എസ്. ഇരുമുന്നണികളെയും പിണക്കാതെ ഒപ്പം കൂട്ടി എക്കാലവും സമ്മര്‍ദശക്തിയായി തുടരുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എന്നാല്‍ സമുദായാഗംങ്ങള്‍ ഏറെയുള്ള ചങ്ങനാശേരി മുതല്‍ അടൂര്‍ വരെയുള്ള മേഖലയില്‍ നായര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെപ്പോലും നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് എന്‍എസ്എസിന് സമുദായാഗംങ്ങള്‍ക്കിടയിലുള്ള ശക്തിയും സ്വാധീനവും ചോദ്യം ചെയ്യുന്നതാണ്.
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂര്‍ എന്നിവയ്‌ക്കൊപ്പം ചെങ്ങന്നൂരിനടുത്ത കായംകുളവും നായര്‍ സമുദായത്തിന് നിര്‍ണായകമായ സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെയാണ് സമുദായിക ബലം. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ ഒന്നില്‍ നിന്നു പോലും നായര്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ പോലും ഇപ്പോള്‍ നിയമസഭയിലില്ല.
എന്നാല്‍ റോമന്‍ കാത്തലിക്, ഓര്‍ത്തഡോക്‌സ്, ക്‌നാനായ, സി.എസ്.ഐ, മാര്‍ത്തോമ, ഈഴവ സമുദായങ്ങള്‍ക്കും ദളിത് വിഭാഗത്തിനും മേഖലയില്‍ നിന്ന് അര്‍ഹമായ പ്രതിനിധ്യമുണ്ട്. ജനസഖ്യാനുപാതത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ ഈ മേഖലയിലെ മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായത് നായര്‍ സമുദായത്തിനാണ്.
ഈ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറിയുടെ താല്‍പര്യം സമുദായാംഗങ്ങളുടെ മൊത്തം താല്‍പര്യമായി മാറാനുള്ളസാധ്യത കുറയും. അങ്ങനെ വിലപേശല്‍ ശക്തി കുറയും. ഈ സാഹചര്യത്തില്‍ എന്‍എസ്എസ് നേതൃത്വത്തിന് സമുദായത്തിന്റെ പേരുപറഞ്ഞ് എത്രകാലം രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കുമെന്ന സംശയവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ബലപ്പെട്ടു.
https://www.facebook.com/Malayalivartha





















