മിഠായി പദ്ധതി പ്രമേഹ രോഗികളായ എല്ലാ കുട്ടികളിലുമെത്തിക്കും: മന്ത്രി ഡോ. തോമസ് ഐസക്

മിഠായി പദ്ധതി കേരളത്തിലെ പ്രമേഹ രോഗികളായ എല്ലാ കുട്ടികളിലും എത്തിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഈ പദ്ധതിയില്‍ ഇതുവരെ 908 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇതില്‍ 400 പേരെയാണ് പരിഗണിക്കുന്നത്. കേരളത്തില്‍ 3000 പ്രമേഹ രോഗികളായ കുട്ടികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി ലഭ്യമാക്കാന്‍ 10 കോടിയിലധികം രൂപ വേണ്ടി വരും. ഇത് ധനകാര്യ വകുപ്പ് പരിഗണിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോക പ്രശസ്തമാണ്. പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്ക് വേണ്ടിയുളള പദ്ധതികള്‍ നടപ്പിലാക്കാന്‍ സാമൂഹ്യനീതി വകുപ്പ് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരേണ്ടത് ജനങ്ങളാണെന്നും കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചെറിയ പ്രായത്തില്‍ മനസിലാക്കാനും കുട്ടികള്‍ക്ക് കരുത്ത് പകരാനും മാതാപിതാക്കള്‍ക്ക് കഴിയണമെന്നും ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ആത്മാര്‍ത്ഥമായി ശ്രമിച്ചു വരികയാണെന്ന് ആരോഗ്യ, സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വളരെയധികം ആശ്വാസകരമായ പദ്ധതിയാണ് മിഠായി. ടൈപ് വണ്‍ പ്രമേഹ രോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ, ചികിത്സ, ഭക്ഷണ കാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായി. പ്രമേഹബാധിത കുട്ടികള്‍ക്ക് കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഐസ് ബോക്‌സിലോ തെര്‍മോ ഫല്‍സ്‌കിലോ സൂക്ഷിക്കേണ്ടിയിരുന്നു എന്നതും ഉപയോഗ ശേഷം മുപ്പത്തിയഞ്ചു മിനിറ്റ് കഴിയാതെ ആഹാരം കഴിക്കാന്‍ പാടില്ലായിരുന്നു എന്നതും അതിന്റെ ന്യൂനതയായിരുന്നു.
മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്. ഇന്‍ജക്റ്റ് ചെയ്താല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെന്‍സില്‍ ബോക്‌സിലോ ഇട്ട് കൊണ്ടു നടക്കാമെന്നതും മിഠായിയുടെ മേന്‍മയാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ നൂഹ് ബാവ, ഗോപിനാഥ് മുതുകാട്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha





















