രഹ്നയെ ഒളിവിൽ താമസിക്കാൻ ഒത്താശ ചെയ്തത് പ്രമുഖ രാഷ്ട്രീയ നേതാവ് ? നീനുവിന്റെ മാതാവ് രഹ്ന ഞായറാഴ്ച തന്നെ ഒളിവില്‍ പോയെന്ന് സൂചന... ചൊവാഴ്ച ഷാനുവും ചാക്കോയും കീഴടങ്ങിയത് പോലീസിന്റെയും വക്കിലിന്റെയും എഴുതിയുണ്ടാക്കിയ വ്യക്തമായ പ്ലാനിൽ

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ് രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലം. തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമില്ല.. കേസില്‍ പ്രതിയാകുമെന്നു കണ്ടതോടെയാണ് രഹ്‌ന ഒളിവില്‍പോയത്. ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചതായാണ് പോലീസ് വിലയിരുത്തല്‍. ഇവരെ ഒളിപ്പിച്ചതിനു പിന്നില്‍ ചില രാഷ്ട്രീയ ഇടപെടല്‍ ഉള്ളതായും ആരോപണമുണ്ട്.
കെവിന്റെ മരണവിവരം പുറത്തുവന്ന ഞായറാഴ്ച തന്നെ ഇവര്‍ മുങ്ങിയിരിക്കാമെന്നും കരുതുന്നു. പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങിയിരുന്നു. കെവിനെ കൊന്നുകളയണമെന്ന നിര്‍ദേശം അക്രമിസംഘത്തിന് നല്‍കിയത് രെഹ്നയായിരുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്താനായി ഗള്‍ഫിലായിരുന്ന ഷാനുവിനെ വിളിച്ചുവരുത്തിയതും കെവിന്‍ താമസിക്കുന്നത് അനീഷിന്റെ വീട്ടിലാണെന്നു കണ്ടെത്തിയതും രഹനയായിരുന്നു. കോട്ടയം ഗാന്ധിനഗര്‍ പോലീസ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവര്‍ കോട്ടയത്ത് എത്തി കെവിന്‍ താമസിച്ചിരുന്ന മാന്നാനത്ത് എത്തിയിരുന്നു. കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നു നേരത്തേ കെവിന്റെ ബന്ധുവും തട്ടിക്കൊണ്ടു പോകലിന് ഇരയായ ആളുമായ അനീഷ് ആരോപിച്ചിരുന്നു.
കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് നീനുവും പറഞ്ഞിരുന്നു. കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്്.
പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു. എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയെന്നാണ് പറഞ്ഞത്.
കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha





















