ഇടുക്കി ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധന ; സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന്റെ ഇരട്ടിയിലധികം പേർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതായി കണക്ക്

ഇടുക്കിയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ 8771 പേരാണ് പനിബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ ഒൻപതുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 45 രോഗികൾ ഡെങ്കിപ്പനി നിരീക്ഷണത്തിലാണ്. മൂന്നു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മേയ് ഒന്നു മുതൽ 30 വരെ 7452 പേർക്കും ഈ മാസം അഞ്ചുവരെ 1319 പേർക്കുമാണ് പനിബാധിച്ചത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ കണക്ക് ആരോഗ്യവകുപ്പിന്റെ പക്കൽ ഇല്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന്റെ ഇരട്ടിയിലധികം പേര് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണ്ടെത്തൽ.
എലിപ്പനി, ഡെങ്കിപ്പനി എന്നിവ കണ്ടെത്തിയത് ലോറേഞ്ചിലാണ്. പനി നിയന്ത്രിക്കുന്നതിന് ശുചീകരണവും ജനങ്ങളിൽ ബോധവൽക്കരണം ഉൾപ്പെടെയുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെങ്കിലും പനി ബാധിരരുടെ വർധനയിൽ ആരോഗ്യവകുപ്പും ആശങ്കയിലാണ്. ആശുപത്രികളിൽ ലബോറട്ടറി സൗകര്യമില്ല. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രിയിൽ വരെ ലബോറട്ടറി സൗകര്യങ്ങൾകുറവാണ്. ആവശ്യമായ ജീവനക്കാരുടെ അഭാവവും സ്ഥലസൗകര്യമില്ലായ്‌മയും മരുന്നില്ലാത്തതും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ചോർന്നെലിക്കുന്ന കെട്ടിടത്തിനുമുകളിൽ പടുത കെട്ടിയാണ് കഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ പ്രവർത്തനം.
ജില്ലാ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജില്ലാ ആശുപത്രിയിലെ ലാബ് മഴവെള്ളം ഒലിച്ചിറങ്ങി പായൽപിടിച്ചനിലയിലാണ്. എയർകണ്ടിഷൻ മുറികളിൽ സൂക്ഷിക്കേണ്ട ഉപകരണങ്ങളും മരുന്നുകളും വെച്ചിരിക്കുന്നത് വൃത്തിഹീനമായ മുറിയിലാണ്. ലാബിൽ അഞ്ച് ജീവനക്കാരുള്ളതിൽ മൂന്നുപേർ മാസങ്ങളായി അവധിയിലാണ്.
നിലവിൽ ദിവസവേതന ജീവനക്കാരി ഉൾപ്പെടെ രണ്ടുപേർ മാത്രമാണുള്ളത്. രാവിലെ മുതൽ നൂറുകണക്കിന് രോഗികളാണ് വിവിധ പരിശോധനയ്ക്കായി എത്തുന്നത്. ഇവർക്ക് ഏറെ നേരം ക്യൂ നിന്നതിന് ശേഷമാണ് രക്തസാമ്പിളുകൾ നൽകാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha























