രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് ; നിർണ്ണായകമായത് മുസ്ലിം ലീഗിന്റെ നിലപാട് ; അന്തിമ തീരുമാനം ഹൈക്കമാന്റിന്

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്(മാണി)വിഭാഗത്തിനു വിട്ടു നല്‍കാന്‍ തത്വത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. മുസ്ലിം ലീഗിന്റെ കടുത്ത നിലപാടാണ് സീറ്റ് മാണിയുടെ കൈകളിലെത്തിക്കുന്നത്. ഡല്‍ഹിയില്‍ സീറ്റു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ തുടക്കം മുതല്‍ ലീഗ് മാണിക്കു വേണ്ടി കടുംപിടുത്തത്തിലായിരുന്നു.
സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.ഐ .സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്.
രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക സഹിതം രാഹുല്‍ ഗാന്ധിക്ക് പി.ജെ. കുര്യന്‍ കത്തു നല്‍കിയിരുന്നു. എം.എം. ഹസ്സന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.എം. സുധീരന്‍, പി.സി. ചാക്കോ, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന് എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാമെന്നാണ് പി.ജെ. കുര്യന്‍ കത്തില്‍ വ്യക്തമാക്കിയത്. മാണിക്ക് സീറ്റ് നല്‍കരുതെന്നും കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.
സീറ്റ് മാണിക്ക് നല്‍കരുതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ രമേശ് ചെന്നിത്തലയേയും എം.എം. ഹസ്സനേയും ഫോണില്‍ വിളിച്ച് നിലപാടറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരം രാഹുല്‍ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനം അദ്ദേഹത്തെ അറിയിക്കും. ഇക്കാര്യത്തില്‍ ഇനി ഹൈക്കമാണ്ട് അന്തിമ തീരുമാനം കൈക്കൊള്ളും.
https://www.facebook.com/Malayalivartha























