പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പകര്‍ച്ചവ്യാധി മരണങ്ങള്‍ ഒഴിവാക്കാനായി ഒത്തൊരുമിച്ചുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത്. വീടിനകത്തെ കൊതുകിന്റെ ഉറവിടം വര്‍ധിക്കുന്നതായി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ കൊതുക് നശീകരണത്തിന് വീട്ടിലുള്ളവരും മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ സജ്ജമാക്കിയ പീഡിയാട്രിക് കാത്ത് ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നിപ്പയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത്. നഴ്‌സ് ലിനി മരണമടഞ്ഞതിനു ശേഷവും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആത്മാര്‍ത്ഥ സേവനമാണ് ചെയ്തത്. നിപയുടെ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞതിനാല്‍ ഇനി വരാന്‍ സാധ്യതയില്ലായെങ്കിലും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും സജ്ജമായിരിക്കണമെന്നാണ് നിപ്പ നല്‍കുന്ന പാഠമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ മികവിന്റേ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മുന്‍തൂക്കം നല്‍കി വരുന്നു. ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകളുടെ സൗകര്യം വര്‍ദ്ധിപ്പിച്ചത് വഴി കഴിഞ്ഞ വര്‍ഷം 72 ഉം ഈ വര്‍ഷം 75 ഉം പുതിയ പി.ജി. സീറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത്.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ നാമമാത്രമായിരുന്ന പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ 6 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് അധ്യാപക അനധ്യാപകരുടെ 13 തസ്തികകള്‍ സൃഷ്ടിച്ചു. എസ്.എ.ടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു ഈ കാത്ത്‌ലാബ്. ഇതുവഴി കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ശസ്ത്രക്രിയ ആവശ്യമില്ലാത്ത ജനിതക ഹൃദ്രോഗങ്ങള്‍ പൂര്‍ണമായും സൗജന്യമായി ചികിത്സിക്കാവുന്നതാണ്. ഗുരുതരമായിട്ടുള്ള ജനിതക ഹൃദ്രോഗങ്ങള്‍ ബാധിച്ച നവജാത ശിശുക്കള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തിര വൈദ്യസഹായം ഇതിലൂടെ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 717.29 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മെഡിക്കല്‍ കോളേജുകളില്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിനായി 51.81 കോടി രൂപയുടെ ഭരണാനുമതി നല്‍കി. അതില്‍ ആദ്യ ഗഡു ആയി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.10 കോടി രൂപ അനുവദിച്ചു. എസ്.എ.ടി.യില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ആര്‍ദ്രം പദ്ധതി ആരംഭിച്ചു കഴിഞ്ഞു. തിരുവനതപുരം മെഡിക്കല്‍ കോളേജിന് മാത്രമായി 225 സ്റ്റാഫ് നഴ്‌സ് തസ്തിക സൃഷ്ട്ടിച്ചു. ഇതില്‍ 91 തസ്തിക എസ്. എ. റ്റി ആശുപത്രിക്ക് ഉള്ളതാണ്. എസ്.എ.ടി.യില്‍ റീപ്രൊഡക്റ്റിവ് മെഡിസിന്‍ വിഭാഗം, എം.സി.എച്ച് കോഴ്‌സ് തുടങ്ങുന്നതിനായി 3 തസ്തിക അനുവദിച്ചു. നിയോനേറ്റോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു. എസ്.എ.ടി.യില്‍ ആരംഭിച്ച മാതൃ ശിശു മന്ദിരത്തിന്റെ തുടര്‍ന്നുള്ള രണ്ട് നില പൂര്‍ത്തീകരിക്കുന്നതിന് 13.05 കോടി രൂപ എന്‍.എച്ച്.എം. ഫണ്ടില്‍ നിന്നും നേടിയെടുത്ത് പണികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
കൗണ്‍സിലര്‍ എസ്.എസ്. സിന്ധു അധ്യക്ഷയായ ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്‍ റഷീദ്, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. സി. മധുസൂദനന്‍ പിള്ള, മുന്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം. സുല്‍ഫിക്കര്‍ അഹമ്മദ്, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























