ഡൽഹി സ്‌ഫോടനം, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്കടുത്തുള്ള മെട്രോസ്റ്റേഷന് സമീപമുണ്ടായ കാര്‍ സ്ഫോടനത്തിൽ പരിക്കേറ്റവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ് എ) അന്വേഷിച്ചുവരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നതായി അമിത് ഷാ പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ദല്‍ഹിയിലെ ലോക് നായിക് ആശുപത്രിയില്‍ അമിത് ഷാ നേരിട്ടെത്തി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.ദല്‍ഹി സ്ഫോടനത്തിന് കാരണമായ ഹ്യൂണ്ടായ് ഐ20 കാറിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. ഹരിയാനയില്‍ നിന്നുള്ളതാണ് ഈ കാര്‍. നേരത്തെ സിസിടിവിയില്‍ നിന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് ഉടമയായ സല്‍മാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പക്ഷെ എച്ച്ആര്‍26 സിഇ 7674 എന്ന നമ്പര്‍ പ്ലേറ്റുള്ള ഈ കാര്‍ മുഹമ്മദ് സല്‍മാന്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള താരിഖ് എന്ന് പേരുള്ള ഒരാള്‍ക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ വ്യാജ ഐഡി കാര്‍ഡുപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് പറയുന്നു.
ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ ആണിത്. ചെങ്കോട്ട മെട്രോസ്റ്റേഷനിലെ ഒന്നാം ഗേറ്റിലെ റെഡ് സിഗ്നലില്‍ ഹ്യൂണ്ടായ് ഐ20 കാര്‍ സ്പീഡ് കുറച്ച് പോകുന്നതിനിടെയാണ് പൊടുന്നനെ സ്ഫോടനമുണ്ടായത്. ഒരു ഓട്ടോറിക്ഷയടക്കം പരിസരത്തുള്ള 22 വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ രണ്ട് ഭീകരവാദികള്‍ ഹരിയാനയിലെ ഫരീദാബാദില്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ നിന്നും 2900 കിലോഗ്രാം സ്ഫോടനസ്വഭാവമുള്ള രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പൊട്ടാസിയം നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍ എന്നിവ ഉണ്ടായിരുന്നു. ഇതിന് പുറമെ മറ്റൊരു 360 കിലോഗ്രാം തീപിടിക്കുന്ന അമോണിയം നൈട്രേറ്റ് പോലുള്ള വസ്തു പ്രത്യേകവും കണ്ടെടുത്തിരിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയില്‍ സ്ഫോടനം നടന്നതോടെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരായ മുസമ്മലിനെയും ആദിലിനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. കാരണം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഹരിയാനയില്‍ നിന്നായതുകൊണ്ട് ഇവരുടെ ആക്രമണപദ്ധതിയുടെ ഭാഗമാണോ ദല്‍ഹിയില്‍ നടന്ന പൊട്ടിത്തെറി എന്നറിയാനാണിത്.
എന്‍എസ്എ, എന്‍ എസ് ജി, എന്‍ഐഎ, ക്രൈം ബ്രാഞ്ച് തുടങ്ങി നിരവധി ഏജന്‍സികള്‍ അന്വേഷണത്തിന് പിന്നിലുണ്ട്. എന്തായാലും സ്ഫോടനത്തിന്റെ ആദ്യമണിക്കൂറില്‍ വിചാരിച്ചതുപോലെ ഇത് ഒരു സിഎന്‍ജി ബ്ലാസ്റ്റോ എല്‍എന്‍ജി ബ്ലാസ്റ്റോ ഗ്യാസ് സിലിണ്ടര്‍ ബ്ലാസ്റ്റോ അല്ല. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനവും തീപിടിത്തവും ആണെന്നാണ് കരുതുന്നത്. അതേ സമയം ശക്തമായ ബോംബ് സ്ഫോടനം സംഭവിച്ചാല്‍ ഉണ്ടാകുന്നതുപോലെ വലിയ ഗര്‍ത്തമൊന്നും ഇവിടെ രൂപപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha























