കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി മരം മുറിക്കാനുള്ള നീക്കം തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ; കേന്ദ്രസര്‍ക്കാറിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഭവന-നഗരവികസന മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി മരം മുറിക്കാനുള്ള നീക്കം തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണല്‍. ജൂലൈ 19 വരെ മരം മുറിക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാറിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഭവന-നഗരവികസന മന്ത്രാലയത്തിനും നോട്ടീസ് അയച്ചു.
സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ നവീകരണത്തിനു വേണ്ടി നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും കേന്ദ്ര പൊതുമരാമത്ത് വകുപ്പുമാണ് മരം മുറിക്കാന്‍ അനുമതി തേടിയത്. പദ്ധതിക്കായി 17000 മരം മുറിക്കാനുള്ള തീരുമാനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മരം മുറിക്കുന്നതിന് ജൂലൈ നാലു വരെയാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും അനുമതി നല്‍കിയതോടെയാണ് ഡല്‍ഹിയില്‍ മരംമുറിക്കല്‍ ആരംഭിച്ചത്.
നഗരവാസികളുടെ ഭാഗത്തുനിന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മരം മുറിക്കലിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കൂടാതെ നിരവധി സന്നദ്ധസംഘടനകള്‍ പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























