കൊലപാതകികള്‍ ആദരിക്കപ്പെടുന്നു, ആഘോഷിക്കപ്പെടുന്നു. നീതിക്കു വേണ്ടി സംസാരിക്കുന്നവരെയും ഹിന്ദു ഭൂരിപക്ഷ സമുദായത്തെ എതിര്‍ക്കുന്നവരെയും കുറ്റവാളികളായി മുദ്രകുത്തുന്നു;ഇത് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിനു സമാനമാണ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി അരുന്ധതി റോയി

മാവോയിസ്റ്റ് ബന്ധമെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയി. ഈ സാഹചര്യം വളരെ ആപത്കരമാണെന്നു കുറ്റപ്പെടുത്തിയ അരുന്ധതി റോയി, ഇത് അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിനു സമാനമാണെന്നും ആരോപിച്ചു.
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പത് ആക്ടിവിസ്റ്റുകളുടെ വസതികളാണ് പൂന പോലീസ് റെയ്ഡ് ചെയ്തത്. ഇവരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അഭിഭാഷകര്‍, കവികള്‍, എഴുത്തുകാര്‍, ദളിത് അവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്. പട്ടാപ്പകല്‍ ആളുകളെ തല്ലിക്കൊല്ലുന്നവരെയും കൊലപാതകികളെയും അറസ്റ്റ് ചെയ്യുന്നതിനു പകരമുള്ള പോലീസിന്റെ നടപടി ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാക്കുന്നു. കൊലപാതകികള്‍ ആദരിക്കപ്പെടുന്നു, ആഘോഷിക്കപ്പെടുന്നു. നീതിക്കു വേണ്ടി സംസാരിക്കുന്നവരെയും ഹിന്ദു ഭൂരിപക്ഷ സമുദായത്തെ എതിര്‍ക്കുന്നവരെയും കുറ്റവാളികളായി മുദ്രകുത്തുന്നു- അരുന്ധതി റോയി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള തയാറെടുപ്പുകളാണിത്. ഇത് സംഭവിക്കാന്‍ അനുവദിക്കുക സാധ്യമല്ല. നമ്മള് എല്ലാവരും ഇപ്പോള്‍ ഒരുമിച്ചുകൂടുന്നില്ലെങ്കില് നാം വിലമതിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നമുക്ക് നഷ്ടപ്പെടുത്തും. അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനത്തിനു വളരെ അടുത്താണ് നമ്മള്- എഴുത്തുകാരി മുന്നറിയിപ്പ് നല്കി.
ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, താനെ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ആക്ടിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും വീടുകളില്‍ റെയ്ഡുകള്‍ നടന്നത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്ര അനുകൂലിയും കവിയുമായ വരവര റാവുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























