രൂപയ്ക്ക് ഉണ്ടായ ഇടിവ് മൂലം വിദേശ കടത്തില്‍ ഇന്ത്യക്ക് ഉണ്ടായത് 68,500 കോടിയുടെ അധിക ബാധ്യത; കണക്ക് പുറത്തുവിട്ടത് രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഈ വര്‍ഷം 11 ശതമാനം കുറഞ്ഞതോടെ ഹ്രസ്വകാല കടങ്ങള്‍ അടയ്ക്കാന്‍ മാത്രം ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യത. രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് ഈ കണക്ക്. ഡോളറിന് 72 രൂപ കടന്ന വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരുന്നു. ഇന്ധനം വാങ്ങുന്നതിനുളള അധികബാധ്യതയ്‌ക്കൊപ്പം ഇതും രാജ്യത്തിനു തിരിച്ചടിയാണ്.
വിനിമയ നിരക്ക് ഈ വര്‍ഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 76 ഡോളറാകുകയും ചെയ്താല്‍ ഇന്ത്യയുടെ എണ്ണ ബില്ലില്‍ മാത്രം 45,700 കോടിയുടെ വര്‍ധനയുണ്ടാകുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. വിവിധ കമ്പനികളുടെ വാണിജ്യകടങ്ങളും പ്രവാസ നിക്ഷേപങ്ങളമടങ്ങുന്ന ഇന്ത്യയുടെ ഹ്രസ്വകാല കടം 2017 ല്‍ 217.6 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ പകുതി 2018ന്റെ ആദ്യ പകുതിയില്‍ അടച്ചു തീര്‍ക്കുകയോ അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തതായി അനുമാനിച്ചാല്‍ പോലും ഡോളറിന്റെ വിനിമയ ശരാശരിയായ 65.1 എന്ന നിലയില്‍ കണക്കാക്കിയാല്‍ 7.1 ലക്ഷം കോടി രൂപ തിരിച്ചടക്കാനായുണ്ടാകും.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രൂപയുടെ വിനിമയ നിരക്കിന്റെ ശരാശരി 71.4 ആയി കണക്കാക്കിയാലും, തിരിച്ചടക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയാകും. 70,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുകയെന്നും സൗമ്യ കാന്തി ഘോഷിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























