കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ തിരിച്ചടിയാവുന്നു ; വിദേശ കടത്തിനു മേല്‍ ഇന്ത്യയ്ക്ക് അധികമായി അടയ്‌ക്കേണ്ടി വരുന്നത് 68,500 കോടി രൂപ

ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യത. ഈ വർഷം രൂപയുടെ മൂല്യം 11 ശതമാനമാണ് കുറഞ്ഞത്. രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ കണക്ക് പുറത്ത് വിട്ടത്. വ്യാഴാഴ്ച ഡോളറിനെതിരെ 72 ല്‍ വരെ ഇന്ത്യന്‍ രൂപ എത്തിയിരുന്നു. ഈമാസം മാത്രമുണ്ടായത് രണ്ടു ശതമാനം ഇടവ്.
വിദേശനിക്ഷേപം, വിദേശ കമ്പനികളുടെ നിക്ഷേപം എന്നീ ഇനത്തില്‍ ഇന്ത്യയ്ക്ക് 2017 ല്‍ 217.6 യു.എസ് ഡോളറാണ് ഹ്രസ്വകാല വായ്പയായി ഉള്ളത്. 2018 ആദ്യ പകുതിയില്‍ ഇതിന്റെ 50 ശതമാനം കൊടുത്തുവെന്ന് അനുമാനിച്ചാല്‍ തന്നെ വരും കാലയളവില്‍ 7.1 ട്രില്യണ്‍ രൂപ ഇന്ത്യ ഡോളറില്‍ കൊടുക്കേണ്ടി വരും. 2017 ല്‍ 65.1 രൂപയെന്ന നിരക്കില്‍ വാങ്ങിയ ഡോളറുകള്‍ ഇപ്പോള്‍ നല്‍കേണ്ടത് 72 രൂപയ്ക്കാണ്. ഇതാണ് ഭീമമായ അധികച്ചെലവ് വരുത്തുന്നത്.
വിനിമയ നിരക്ക് ഈ വർഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് ശരാശരി 76 ഡോളറാകുകയും ചെയ്താൽ ഇന്ത്യയുടെ എണ്ണ ബില്ലിൽ മാത്രം 45,700 കോടിയുടെ വർധനയുണ്ടാകുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് ചൂണ്ടിക്കാട്ടി.
വിദേശത്തേക്കുള്ള യാത്രകള്‍, കാര്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി ഇറക്കുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്, വിദേശപഠനം എന്നിവയെല്ലാം ചെലവേറും. എന്നാല്‍, യു.എസ് ഡോളര്‍ ശക്തിപ്പെട്ടതാണ് തിരിച്ചടിക്കു കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. മറ്റു രാജ്യങ്ങളുടെ കറന്‍സികളിലും ഇന്ത്യയ്ക്കു സമാനമായ ഇടിവുണ്ടെന്നും അതിനാല്‍ ഇടപെടുന്നില്ലെന്നുമാണ് ആര്‍.ബി.ഐയുടെയും നിലപാട്.
https://www.facebook.com/Malayalivartha

























