കേന്ദ്ര മന്ത്രിസഭാ വികസനം ഇന്ന്; പ്രാദേശിക പാര്‍ട്ടികള്‍ക്കും പുതുമുഖങ്ങള്‍ക്കും സാധ്യത, സ്വരം കടുപ്പിച്ച് ശിവസേന

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഇതിനിടെ ബി.ജെ.പിയുടെ മുഖ്യസഖ്യകക്ഷിയായ ശിവസേന നിലപാട് കര്‍ക്കശമാക്കി. മഹാരാഷ്ട്ര വിഷയം പരിഹരിക്കാതെ സത്യപ്രതിജ്ഞക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് സേന ഈ നീക്കം.മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ മന്ത്രിമാരുടെ പങ്കാളിത്തം സംബന്ധിച്ച് സത്യപ്രതിജ്ഞക്ക് മുമ്പ് തീരുമാനം വേണമെന്നാണ് ശിവസേനയുടെ ആവശ്യം.
സഖ്യകക്ഷികള്‍ക്കും പുതുമുഖങ്ങള്‍ക്കും ഒപ്പം പ്രാദേശികതയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ വികസനമാണ് ഇന്ന് നടക്കുന്നത്. 15 പുതിയ മന്ത്രിമാരുണ്ടാകും എന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജഞ ചടങ്ങ്.
ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്കുപുറമെ ബി.ജെ.പി. ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്വിക്കും പുതിയ മന്ത്രിസഭാ വികസനത്തില്‍ കാബിനറ്റ് പദവി ലഭിച്ചേക്കും. പരീക്കറിന് പ്രതിരോധമന്ത്രാലയത്തിന്റെ ചുമതലയായിരിക്കും. കേന്ദ്രമന്ത്രിസഭയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് നല്‍കാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനും പഞ്ചാബിനും മന്ത്രിസഭാവിപുലീകരണത്തില്‍ പ്രാധാന്യം നല്‍കും. പഞ്ചാബിലെ ഹോഷിയാപുരില്‍ നിന്നുള്ള പുതുമുഖം വിജയ് സാബ്ല സാധ്യതാപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബിഹാറില്‍ നിന്ന് ആര്‍.ജെ.ഡി. മുന്‍നേതാവും നിലവില്‍ ബി.ജെ.പിയുടെ പട്‌ന എം.പിയുമായ രാം കൃപാല്‍ യാദവ്, ഗിരിരാജ് സിങ് എന്നിവരും പരിഗണനയിലുണ്ട്.
ആസൂത്രണകമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ സംവിധാനത്തിന്റെ തലവനായി മുന്‍ കേന്ദ്ര മന്ത്രിയും ശിവസേന നേതാവുമായ സുരേഷ് പ്രഭുവിനെ കാബിനറ്റ് റാങ്കില്‍ പരിഗണിച്ചേക്കും. ബി.ജെ.പി. ജനറല്‍ സെക്രട്ടറി ജെ.പി. നഡ്ഡ, അജയ് ടംഡ (ഉത്തരാഖണ്ഡ്), മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ (ജാര്‍ഖണ്ഡ്), കേണല്‍ സോനാറാം ചൗധരി, ഗജേന്ദ്ര സിങ് (രാജസ്ഥാന്‍), ഹന്‍സ് രാജ് അഹിര്‍ (മഹാരാഷ്ട്ര), രമേഷ് ബയിസ് (ഛത്തീസ്ഗഢ്) തുടങ്ങിയവരാണ് സാധ്യത കല്പിക്കുന്ന മറ്റുള്ളവര്‍. വാണിജ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന നിര്‍മ്മലാ സീതാരാമനും വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍ക്കും കാബിനറ്റ് പദവി ലഭിച്ചേക്കും. കര്‍ണാടകത്തെ പ്രതിനിധാനം ചെയ്യുന്ന സദാനന്ദ ഗൗഡയ്ക്ക് റെയില്‍വേക്ക് പകരം മറ്റൊരു വകുപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.23 കാബിനറ്റ് റാങ്ക് അടക്കം 45 പേരാണ് കേന്ദ്രമന്ത്രിസഭയില്‍ ഇപ്പോഴുള്ളത്. ആറു മന്ത്രിമാര്‍ ഇപ്പോള്‍ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്
https://www.facebook.com/Malayalivartha
























