ആർഎസ്എസിന് മോദി ശിവലിംഗത്തിലെ തേള്‍, കൈകൊണ്ടു മാറ്റാനും കഴിയില്ല,ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല ;കോൺഗ്രസ് എംപി ശശി തരൂർ

വീണ്ടും ഒരു പ്രസ്താവനയെച്ചൊല്ലി വിവാദക്കുരുക്കിലാവുകയാണ് കോൺഗ്രസ്സ് എംപി ശശി തരൂർ . ആർഎസ്എസിന്റെ കണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് . ആർഎസ്എസ് പ്രതീക്ഷിച്ചതിനേക്കാൾ ഉയരത്തിൽ മോദി വളർന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്‍റെ പരാമർശം.
ബംഗലുരു ലിറ്ററേച്ചൽ ഫെസ്റ്റിവലിന്‍റെ ഏഴാം പതിപ്പിന്‍റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്‍റെ പരാമർശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂർ എഴുതിയ 'പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച. വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളിൽ പലപ്പോഴും ആർഎസ്എസ് അതൃപ്തരായിരുന്നെന്ന് തരൂർ പറഞ്ഞു.
ഇതിനുദാഹരണമായാണ് മോദിയെക്കുറിച്ച് ഒരു ആർഎസ്എസ് നേതാവ് നടത്തിയ പരാമർശത്തെക്കുറിച്ച് തരൂർ വെളിപ്പെടുത്തിയത്. തന്‍റെ സുഹൃത്തായ ഒരു മാധ്യമപ്രവർത്തകനോടാണ് മുതിർന്ന ആർഎസ്എസ് നേതാവ് ഈ പരാമർശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി .
ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോൾ ആർഎസ്എസിനു മോദി. അതിനെ കൈകൊണ്ടു മാറ്റാനും കഴിയില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു 'അസാധ്യ'താരതമ്യമാണത്!'' തരൂർ കൈയടികൾക്കിടെ പറഞ്ഞു.
"മോദി’യും "ഹിന്ദുത്വ’വും കൂടിചേർന്ന "മോദിത്വ’ മോദിയെ ആർഎസ്എസിനു മുകളിലേക്കു വളർത്തിയെന്നും തരൂർ കൂട്ടിച്ചേർത്തു .
അധികാരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിക്കുന്ന പ്രവണതയെയും തരൂർ വിമർശിച്ചു. സിബിഐ ഡയറക്ടറെ മാറ്റിയതു സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും വിദേശനയം സംബന്ധിച്ച് വിദേശകാര്യ മന്ത്രിക്കും റഫാൽ ഇടപാട് സംബന്ധിച്ച് പ്രതിരോധമന്ത്രിയുടെ ഓഫീസിനും അറിവില്ലാതെ വരുന്നതിനു കാരണം ഇതാണെന്നും തരൂർ കുറ്റപ്പെടുത്തി.
എന്നാൽ രൂക്ഷമായ ഭാഷയിലാണ് തരൂരിന്‍റെ പ്രസ്താവനയെ ബിജെപി അപലപിച്ചത്. ശിവഭക്തനെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തരൂരിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശിവനെ അപമാനിയ്ക്കുന്ന പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പുപറയണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























