അയോധ്യയിലെ രാമ ജന്മഭൂമി ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

അയോധ്യയിലെ രാമ ജന്മഭൂമി ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഈ കേസ് നേരത്തേ പരിഗണിച്ചതും സുപ്രധാന തീരുമാനത്തിലെത്തിയതും മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചായിരുന്നു
. മസ്ജിദുകള്‍ ഇസ്‌ലാമിന്റെ അനിവാര്യഘടകമാണോ എന്ന വിഷയം വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. അന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ മാത്രം ഇതിനോട് വിയോജിച്ചിരുന്നു. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിശോധിക്കുന്നത്.
ഇതിനിടെയാണ് ഇസ്മായില്‍ ഫാറൂഖി കേസിലെ നിരീക്ഷണം പുനഃപരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നത്. മസ്ജിദുകള്‍ ഇസ്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായീല്‍ കേസിലെ (1994) ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ഭൂമിതര്‍ക്ക കേസിനിടെ വാദമുയര്‍ന്നതോടെയാണ് കോടതി ഇക്കാര്യം പരിശോധിച്ചത്.
മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ഥനയ്ക്ക് പള്ളി നിര്‍ബന്ധമല്ലെന്നാണ് പ്രസ്തുത കേസില്‍ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചത്. എവിടെ വേണമെങ്കിലും തുറന്ന സ്ഥലത്തുപോലും പ്രാര്‍ഥന നടത്താമെന്നും വിധിയില്‍ നിരീക്ഷിച്ചിരുന്നു.
അയോധ്യ കേസില്‍ വാദം കേള്‍ക്കും മുമ്പ് ഈ വിഷയം ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണമെന്നാണ് ചില മുസ്‌ലിം സംഘടനകള്‍ വാദിച്ചത്. എന്നാല്‍, വിശാല ബെഞ്ചിനു വിടാന്‍മാത്രം പ്രാധാന്യമുള്ള നിരീക്ഷണമല്ല ഇസ്മായീല്‍ ഫാറൂഖി കേസിലേത് എന്നാണ് സുപ്രീംകോടതി സെപ്റ്റംബര്‍ 27നു വിധിച്ചത്.
"
https://www.facebook.com/Malayalivartha
























