വിവാഹം തീരുമാനിച്ചത് മൂന്ന് വയസ്സുള്ളപ്പോള്‍, 22-കാരിയായ പെണ്‍കുട്ടി ആ തീരുമാനം തള്ളി ; നാട്ടുക്കൂട്ടം വിധിച്ച 16 ലക്ഷം നഷ്ടപരിഹാരമായി നല്‍കിയിട്ടും പ്രശ്‌നം തീര്‍ന്നില്ല ; ഒടുവില്‍ യുവതി പോലീസ് സ്‌റ്റേഷനിലെത്തി വിഷം കഴിച്ചു...!!

ഖപ്പ് പഞ്ചായത്തുകള്‍ക്ക് ഇപ്പോഴും മേല്‍ക്കൈയ്യുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനില്‍, സിഎ-യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന 22-കാരി പെണ്‍കുട്ടി സ്‌റ്റേഷനിലെത്തി പോലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ചു. മൂന്നു വയസ്സുള്ളപ്പോള്‍ തീരുമാനിക്കപ്പെട്ട വിവാഹം നടത്താന്‍ നാട്ടുക്കൂട്ടം നിര്‍ബ്ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. പോലീസ് തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണം ചെയ്യാനായി.
ദിവ്യാ ചൗധരി എന്ന 22-കാരിയാണ് വിഷം കഴിച്ചത്. വെറും മൂന്ന് വയസ്സുള്ളപ്പോള്‍ ജീവ്‌രാജ് എന്ന യുവാവിന് വേണ്ടി പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പയ്യന്‍ വിവാഹം നടത്താന്‍ ആവശ്യപ്പെട്ട് ദിവ്യയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും മകളുടെ വിദ്യാഭ്യാസം മുന്‍ നിര്‍ത്തി വിവാഹം താമസിപ്പിക്കാനും തടസ്സപ്പെടുത്താനുമാണ് വീട്ടുകാര്‍ ശ്രമിച്ചത്. ഒടുവില്‍ വിവാഹം നടത്തുന്നില്ല എന്ന് തീരുമാനിക്കുകയും ചെയ്തതോടെ ചെറുക്കന്റെ വീട്ടുകാര്‍ നാട്ടുക്കൂട്ടത്തിന് പരാതി നല്‍കുകയും പഞ്ചായത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് 16 ലക്ഷം രൂപ പിഴയായി പെണ്ണിന്റെ വീട്ടുകാര്‍ നാട്ടുക്കൂട്ടത്തിന് കെട്ടിവെയ്ക്കുകയും ചെയ്തു.
ഇതിന് പിന്നാലെ പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ചെറുക്കന്റെ വീട്ടുകാര്‍ വീണ്ടും നാട്ടുക്കൂട്ടത്തെ സമീപിച്ചു. പോലീസില്‍ പരാതി നല്‍കിയതിന് മറ്റൊരു 20 ലക്ഷം പിഴയും ഊരുവിലക്കില്‍ നിന്നും രക്ഷപ്പെടാന്‍ കേസ് പിന്‍വലിച്ച് പരസ്യമായ മാപ്പുപറച്ചിലും ആവശ്യപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ ഭയന്നുപോയ പെണ്‍കുട്ടി പുറത്തിറങ്ങാന്‍ പോലും കൂട്ടാക്കാതെ വീടിനുള്ളില്‍ തന്നെ സമയം ചെലവഴിച്ചു. ഒടുവിലാണ് വിഷം കഴിച്ചത്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ തന്റെ സ്വപ്നം കരിഞ്ഞു പോകുമെന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ തീരുമാനം എടുത്തതെന്ന് പെണ്‍കുട്ടി പറഞ്ഞു.
പഠിച്ച് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായി സ്വന്തം കാലില്‍ നില്‍ക്കണമെന്നുമുള്ള പെണ്‍കുട്ടിയുടെ തീരുമാനത്തിന് മേല്‍ ചെറുക്കന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാട്ടുക്കൂട്ടം വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയായിരുന്നു. ഞായറാഴ്ച ചേര്‍ന്ന നാട്ടുക്കൂട്ടം ചെറുക്കന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ വീട്ടുകാരുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതി പോലീസുകാരുടെ മുന്നില്‍ വെച്ചു തന്നെ വിഷം കഴിച്ചു. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസെടുക്കുകയും ചെയ്തു.
ജോധ്പൂര്‍ ജില്ലാ പ്രമുഖിന്റെ പിതാവ്, സര്‍പഞ്ച് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ ഇതിന് മുമ്പ് മൂന്ന് തവണ പെണ്‍കുട്ടി പോലീസിനെ സമീപിച്ചെങ്കിലും ആര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറയില്ല. ഒക്‌ടോബര്‍ 25-നാണ് ഒടുവില്‍ എഫ്‌ഐആര്‍ ഇട്ടത്. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം മൊഴിയെടുക്കാന്‍ പെണ്‍കുട്ടിയെ വിളിച്ചെങ്കിലും ഇവര്‍ വന്നില്ലെന്നും കൂറു മാറുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























