വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടതിന് യുവാവ് ബൈക്കിന് തീ കൊളുത്തി

വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ബൈക്കിനു തീ കൊളുത്തി. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഡിഎസ്ഡി കോളജിനു സമീപമാണു സംഭവം. ഉച്ചകഴിഞ്ഞു മൂന്നോടെയാണു ബൈക്കിലെത്തിയ യുവാവിനോടു പോലീസ് വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടത്. ഇത് പിന്നീട് നല്‍കാമെന്ന് യുവാവ് മറുപടി പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതോടെ ബൈക്കില്‍നിന്നിറങ്ങി യുവാവ് വാഹനത്തിനു തീ കൊളുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
കത്തിത്തുടങ്ങിയ വാഹനത്തിനു സമീപത്തുനിന്ന് പോലീസ് ഓടി മാറുന്നതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കത്തുന്ന വാഹനത്തില്‍നിന്നു യുവാവ് പാല്‍പാത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതും ഇതിനുശേഷം പോലീസുകാരോടു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇതിനുശേഷം യുവാവ് സംഭവസ്ഥലത്തുനിന്നു പോയി. എച്ച്ആര്‍ 26 ജാട്ട് എന്ന് നന്പര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കിന്റെ എന്‍ജിന്‍, ഷാസി നന്പറുകള്‍ പരിശോധിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
കത്തുന്ന വാഹനത്തിനു സമീപത്തുനിന്ന് ആളുകളെ മാറ്റുന്നതിലായിരുന്നു തങ്ങളുടെ ശ്രദ്ധയെന്നും അതുകൊണ്ടാണ് ബൈക്കിനു തീവച്ച യുവാവിനെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയതെന്നുമാണ് പോലീസിന്റെ വാദം.
https://www.facebook.com/Malayalivartha
























