പ്രധാനമന്ത്രിയ്ക്ക് ശിക്ഷ നല്‍കാനായി പൊതുജനങ്ങൾ കാത്തിരിക്കുകയാണ്; ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന

നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രിയ്ക്ക് ശിക്ഷ നല്‍കാനായി പൊതുജനങ്ങൾ കാത്തിരിക്കുകയാണെന്ന് ശിവസേന നേതാവ് മനീഷാ കയംന്ദെ പറഞ്ഞു. കൂടാതെ, എന്തു ലക്ഷ്യത്തോടെയാണോ ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത് അത് പൂര്‍ണ്ണമായും വിഫലമായെന്നും ശിവസേന വക്താവ് അഭിപ്രായപ്പെട്ടു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികദിനത്തില്‍, പ്രഖ്യാപനം കൊണ്ടുണ്ടായ പ്രയോജനങ്ങള്‍ വിവരിക്കുകയുണ്ടായി, എന്നാല്‍ നോട്ട് നിരോധനം മൂലമുണ്ടായ വിപത്തുകള്‍ അദ്ദേഹം അവഗണിക്കുകയാണ് എന്നും മനീഷാ കയംന്ദെ പറഞ്ഞു.
നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികദിനത്തില്‍, കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചിരുന്നു. നോട്ട് നിരോധനം മൂലം, നികുതിദയകരുടെ എണ്ണം വര്‍ധിച്ചതായും, അതുമൂലം നികുതി വരുമാനം വര്‍ധിച്ചതായും, വ്യാജ നോട്ടുകളുടെ പ്രശ്നം അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാല്‍, നോട്ട് നിരോധനം മൂലം സംഭവിച്ച ജീവഹാനി, ചെറുകിട വ്യവസായികള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍, ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് ഇവയെല്ലാം സര്‍ക്കാര്‍ മറക്കുകയാണ് എന്ന് വക്താവ് അഭിപ്രായപ്പെട്ടു.
നോട്ട് നിരോധന വേളയില്‍ പ്രഖ്യാപനത്തിന്‍റെ ലക്ഷ്യമായി ചൂണ്ടിക്കാണിച്ച ഭീകരവാദം ഇല്ലാതാക്കുക, വ്യാജ നോട്ടുകളുടെ പ്രശ്നം എന്നിവ ഇന്നും അതേപോലെ നിലനില്‍ക്കുന്നതായി അവര്‍ പറഞ്ഞു. 2016 നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രചാരത്തിലിരുന്ന 1000ത്തിന്‍റെയും 500റിന്‍റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനത്തിന് രണ്ടു വര്‍ഷം പൂര്‍ത്തിയായി എങ്കിലും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏറ്റ ക്ഷതം ഉണങ്ങാന്‍ ഇനിയും സമയമേറെ വേണ്ടിവരുമെന്ന് വ്യക്തം.
https://www.facebook.com/Malayalivartha























