സിബിഐയിലെ വിവാദം;എന്തുകൊണ്ട് റിപ്പോര്‍ട്ട് നേരത്തെ കൈമാറിയില്ല?കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

സിബിഐ കേസിലെ വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ണായകമായ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. എന്തുകൊണ്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ചയോ ഇന്നലെയോ തന്നെ ഫയല്‍ ചെയ്തില്ലെന്ന് സുപ്രീം കോടതി സിവിസിയോട് (കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍) ചോദിച്ചു. ഞായറാഴ്ച ഓഫീസ് തുറന്നിരുന്നിട്ടും എന്തുകൊണ്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചോദ്യം.
ശനിയാഴ്ച തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയിരുന്നെന്നും എന്നാല്‍ അത് കൃത്യസമയത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സി.വി.സി പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോടു ക്ഷമചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് ഭാഗമുള്ള റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഇന്നു കേസ് പരിഗണിക്കുമ്പോഴാണ് സിവിസി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.സിബിഐ തര്‍ക്കത്തില്‍ സുപ്രീം കോടതി സസൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നതാണ് സുപ്രീം കോടതി രജിസ്ട്രി ഞായറാഴ്ചയും റിപ്പോര്‍ട്ട് കാത്ത് പ്രവര്‍ത്തിച്ചുവെന്നത് വ്യക്തമാക്കുന്നത്.
നേരത്തെ 12 തിയ്യതിക്ക് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി വിജിലന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. കേസ് ഇന്നു പരിഗണിക്കുമെന്നിരിക്കെ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് പരിശോധിച്ച് കേസ് നടപടിയിലേക്ക് കടക്കാമായിരുന്നു. ഇത് സാധിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സിവിസിയെ വിമര്‍ശിക്കുകയും കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തത്.
താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു എടുത്ത ഓരോ തീരുമാനങ്ങളും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടെന്നാണ് സൂചന. അഴിമതിക്കേസ് ഒതുക്കാന്‍ അലോക് വര്‍മ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആരോപണം വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുളള അന്വേഷണസംഘം തളളിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പദവിയില്‍ തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ട് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കവെയാണ് സിവിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























