അലോക് വര്‍മ്മയ്‌ക്കെതിരായ വിജിലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാകേഷ് അസ്താന ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

അലോക് വര്‍മ്മയ്‌ക്കെതിരായി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാകേഷ് അസ്താന സുപ്രീംകോടതിയില്‍. അതേസമയം റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അസ്താനയ്ക്ക് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ് വ്യക്തമാക്കിയത്.
അസ്താനയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് ആവശ്യം ഉന്നയിച്ചത്. അപ്പോള്‍ത്തന്നെ ചീഫ് ജസ്റ്റിസ് അത് നിരാകരിച്ചു. 'ഒരു സാധ്യതയുമില്ല, നിങ്ങള്‍ക്ക് ആ റിപ്പോര്‍ട്ട് ലഭിക്കില്ല' ചീഫ് ജസ്റ്റിസ് പറഞ്ഞു.റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയണമെന്ന് അസ്താന ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ഇല്ല നിങ്ങളത് പറയേണ്ട കാര്യമില്ല എന്നായിരുന്നു ജസ്റ്റിസിന്റെ പ്രതികരണം.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്രവച്ച കവറില്‍ അലോക് വര്‍മ്മയ്ക്ക് മാത്രമേ നല്‍കൂ. അതിനുള്ള മറുപടി വര്‍മ്മയ്ക്ക് തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് മുമ്ബ് കോടതിയില്‍ സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അടുത്ത ചൊവ്വാഴ്‌ച്ച കേസില്‍ വാദം കേള്‍ക്കുന്നത് തുടരും. അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് രണ്ട് പേരും ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലുമാണ്.
https://www.facebook.com/Malayalivartha























