മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുനഃരാരംഭിച്ചു... ഒഡിഷ ഫയര്‍ സര്‍വീസിലെ 21 അംഗ വിദഗ്ധ സംഘം സ്ഥലത്തെത്തി

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡിഷ ഫയര്‍ സര്‍വീസിലെ 21 അംഗ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഖനിയില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിനായി ശക്തിയേറിയ പമ്പുകളുമായാണ് സംഘം എത്തിയത്. 20 ഹൈ പവര്‍ പമ്പുകളുമായാണ് ചീഫ് ഫയര്‍ ഓഫീസര്‍ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മേഘാലയയിലെത്തിയത്. മിനിട്ടില്‍ 1600 ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ ശേഷിയുള്ളതാണ് ഓരോ പമ്പുകളും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം സഹായം ആവശ്യപ്പെട്ടതനുസരിച്ചാണ് ഒഡിഷയിലെ വിദഗ്ധരുടെ സംഘം മേഘാലയയില്‍ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ സഹായം ആവശ്യപ്പെട്ടത് ഇപ്പോള്‍ മാത്രമാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ സര്‍വീസ് ബി.കെ ശര്‍മ പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി പ്രാദേശിക അധികൃതരായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ ഖനിയില്‍ നിന്ന് വെള്ളം വറ്റിക്കാന്‍ ശക്തിയേറിയ പമ്പില്ലാത്തതു മൂലം സാധിച്ചിരുന്നില്ല. മേഘാലയയില്‍ പമ്പ് ഇല്ലാത്തതിനാല്‍ മറ്റ് ഇടങ്ങളില്‍ നിന്ന് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ കാലതാമസം വരുത്തി. അതുവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















