ഖനിയില്‍ അകപ്പെട്ട 15 തൊഴിലാളികളെ കണ്ടെത്താന്‍ കൃത്യമായ ആസൂത്രണവും അടിയന്തര നടപടിയും വേണമെന്ന് സുപ്രീംകോടതി

മേഘാലയയിലെ ഖനിയില്‍ അകപ്പെട്ട 15 തൊഴിലാളികളെ കണ്ടെത്താന്‍ കൃത്യമായ ആസൂത്രണവും അടിയന്തര നടപടിയും വേണമെന്ന് സുപ്രീംകോടതി. അനധികൃത കല്‍ക്കരി ഖനിയുടെ തുരങ്കത്തില്‍ ഡിസംബര്‍ 13 മുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടും അവരെ രക്ഷപ്പെടുത്താന്‍ മേഘാലയ സര്‍ക്കാര്‍ സ്വീകരിച്ച നടപടി തൃപ്തികരമല്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. മേഘാലയ ഖനി ദുരന്തത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. 'ആളുകള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്, ഓരോ നിമിഷവും വിലപ്പെട്ടതാണ്' കോടതി ചൂണ്ടിക്കാട്ടി. വെള്ളം കയറി കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ആദിത്യ എന്‍. പ്രസാദ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ എലിമട എന്നറിയപ്പെടുന്ന ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാവികസേനയടക്കം വിവിധ ഏജന്‍സികളുടെ രക്ഷാപ്രവര്‍ത്തനം എങ്ങുമെത്തിയില്ല. ശക്തിയേറിയ മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പു ചെയ്യുന്നണ്ടെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല.
നാവിക സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മുങ്ങല്‍ വിദഗ്ധര്‍ക്ക് തൊഴിലാളികള്‍ കുടുങ്ങിയ എലിമടയിലേക്ക് കടക്കാനായില്ല. വെള്ളം കുറയാനുള്ള സാധ്യത ഇപ്പോള്‍ കാണുന്നില്ലെന്ന് ദൗത്യസംഘം വക്താവ് ആര്‍. സുസുങ്കി പറഞ്ഞു. 370 അടി ആഴമുള്ള മടയിലേക്ക് സമീപത്തെ പുഴയില്‍നിന്ന് വെള്ളം ഇരച്ചുകയറിയതോടെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്. 22 ദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കൂടുതല്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടും ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല.പ്രദേശത്ത് ഇതുപോലെ നിരവധി ഖനികളുണ്ട്. ഇതില്‍ 90 എണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും അധികൃതര്‍ പറഞ്ഞു
https://www.facebook.com/Malayalivartha























