ഇന്ത്യ സുരക്ഷിതമല്ലെന്നു കരുതുന്നവരുടെ മേല്‍ ബോംബിടണം; ബിജെപി എംഎല്‍എ വിക്രം സെയ്നിയുടെ പരാമർശം വിവാദമാകുന്നു

ഇന്ത്യ സുരക്ഷിതമല്ലെന്നു കരുതുന്നവരുടെ മേല്‍ ബോംബിടണമെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സെയ്നി. ഇത്തരം ആളുകള്‍ രാജ്യദ്രോഹികളാണെന്നും മുസാഫര്‍നഗര്‍ എംഎല്‍എ പറഞ്ഞു.
രാജ്യദ്രോഹികള്‍ക്ക് നിയമാനുസൃതമായ ശിക്ഷ നല്‍കണം. ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും ഭീഷണിനേരിടുന്നുവെന്നു പറയുന്നവരുടെ മേല്‍ ബോംബിടണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ അംഗീകരിക്കാത്ത ഇത്തരം ആളുകള്‍ ഇന്ത്യവിട്ട് വിദേശത്തുപോയി താമസിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ്. തന്നെ മന്ത്രിയാക്കിയാല്‍ താന്‍ ഇത്തരം ആളുകളുടെ മേല്‍ ബോംബിടും. ആരെയും ഭയപ്പെടുത്താനല്ല താന്‍ ഇത് പറയുന്നതെന്നും വിക്രം സെയ്നി കൂട്ടിച്ചേര്‍ത്തു.
രാജ്യസ്നേഹമില്ലെങ്കില് പിന്നെ എന്തിനാണ് ഈ രാജ്യത്ത് നിങ്ങള്‍ കഴിയുന്നത്? നിങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍ സുരക്ഷിതമായിടത്ത് പോകുക. ആരാണ് നിങ്ങളെ തടയുന്നതെന്നും എംഎല്‍എ ചോദിച്ചു. മുന്‍പും ഇത്തരം വിവാദ പ്രസ്താവന നടത്തിയിട്ടുള്ള ആളാണ് സെയ്നി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജനസംഖ്യാ നിയന്ത്രണ പ്രചാരണ പരിപാടിക്കിടെ ഹിന്ദുക്കള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് സെയ്നി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























