കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു; രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് രാഹുല്‍ ഗാന്ധി കള്ളങ്ങള്‍ വിളിച്ചുപറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന് ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാര്‍ നല്‍കിയെന്ന് ലോക്‌സഭയില്‍ പറഞ്ഞ പ്രതിരോധ മന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണിത്.
നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ കളവ് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇത് സംബന്ധിച്ച് ഒരു ദേശീയ ദിനപത്രത്തിലെ വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ വമിര്‍ശനം. ഒരു രൂപയുടെ കരാര്‍ പോലും ലഭിച്ചിട്ടില്ലെന്ന് എച്ച്.എ.എല്‍ വ്യക്തമാക്കിയതായിട്ടായിരുന്നു വാര്‍ത്ത. റാഫേല്‍ ഇടപാട് എച്ച്.എ.എല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു നിര്‍മലാസീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.
ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയെങ്കില്‍ അതിന് തെളിവ് എവിടെയെന്നും തെളിവ് തന്നില്ലെങ്കില്‍ നിര്‍മല രാജി വയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കണക്കുകള്‍നിരത്തിയാണ് പ്രതിരോധ മന്ത്രി മറുപടി നല്‍കിയത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് രാഹുല്‍ ഗാന്ധി കള്ളങ്ങള്‍വിളിച്ച് പറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതില്‍ ദു:ഖമുണ്ടെന്നും അവര്‍ പറഞ്ഞു.
എച്ച്.എ.എല്ലുമായി ഇതുവരെ 26570 കോടിയുടെ കരാറില്‍ ഒപ്പു വച്ചു കഴിഞ്ഞു. 73000 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് കമ്ബനിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണമെന്നും നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















